Sorry, you need to enable JavaScript to visit this website.

മുസ്ലിം സമുദായത്തെ ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍ക്ക് സുപ്രീം കോടതി താക്കീത്

സകാത്ത് ഫൗണ്ടേഷന്‍ അമുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്കും സഹായം നല്‍കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സാമൂഹിക സേവനം സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും ചെയ്യുന്നില്ലെന്നും ഫൗണ്ടേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു.

ന്യൂദല്‍ഹി- മുസ്ലിം സമുദായത്തെ മൊത്തത്തില്‍ ആക്ഷേപിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത ഹിന്ദുത്വ ചാനലായ സുദര്‍ശന്‍ ടി.വിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. മുസ്്‌ലിംകളെ സര്‍ക്കാര്‍ സര്‍വീസുകളിലെത്തിക്കാന്‍ നടക്കുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ചാനല്‍ അവകാശപ്പെട്ടിരുന്നു. ബിന്ദാസ് ബോല്‍ എന്ന പരിപാടിയുടെ പ്രൊമോ വീഡിയോ ആണ് കേസിനാസ്പദമായത്.

സമുദായങ്ങളെ മൊത്തത്തില്‍ ലക്ഷ്യമിടാന്‍ മാധ്യമങ്ങളെ ഇങ്ങനെ അനുവദിക്കാമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ചാനലിന് വാര്‍ത്ത പുറത്തുകൊണ്ടുവരാമെങ്കിലും സമുദായത്തെ മുദ്രകുത്തി അകറ്റാന്‍ അവകാശമില്ലെന്ന് ഹരജിയില്‍ വാദം കേള്‍ക്കവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇതാണ് യഥാര്‍ത്ഥ പ്രശ്‌നം. നിങ്ങള്‍ അവര്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത് കാണിക്കുമ്പോഴെല്ലാം ഐസിസ് കാണിക്കുന്നു. മുസ്്‌ലിംകള്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത് ആഴമേറിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ സമുദായത്തേയും ഇങ്ങനെ ലക്ഷ്യമിടാന്‍ മാധ്യമങ്ങളെ അനുവദിക്കാമോ-  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച്  ചോദിച്ചു.
എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കു പിന്നിലും ഒരു അജണ്ട കണ്ടെത്തുന്നതും ചിത്രീകരിക്കുന്നതും ഒരുതരം വിദ്വേഷമാണ് കാണിക്കുന്നതെന്നും ഇതാണ് ആശങ്ക ഉയര്‍ത്തുന്നതെന്നും ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ സംസാരം ഇവിടെ വിദ്വേഷമായി മാറുകയാണ്. നിങ്ങള്‍ക്ക് സമുദായത്തിലെ എല്ലാ അംഗങ്ങളെയും ഇതുപോലെ  മുദ്രകുത്താന്‍ കഴിയില്ല. വിഭാഗീയ അജണ്ടകളിലൂടെ സമുദായത്തിലെ നല്ലവരേയും നിങ്ങള്‍ അകറ്റുകയാണ്. തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ ധനസഹായം സംബന്ധിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍  കോടതിക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ യുപിഎസ്‌സി ജോലികള്‍ക്ക് പോയി  മുസ്‌ലിംകള്‍ ചില അജണ്ട നടപ്പാക്കുകയാണെന്ന് പറയാനാവില്ലെന്നും സുദര്‍ശന്‍ ടി.വിയെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനോട് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടരുതെന്ന സന്ദേശം  മാധ്യമങ്ങളിലേക്ക് പോകണ്ടതുണ്ട്. അത്തരമൊരു അജണ്ടയുമായി രാജ്യത്തിന് നിലനില്‍ക്കാനാവില്ലെന്ന് മാധ്യമങ്ങള്‍ അറിയണം. യോജിപ്പും വൈവിധ്യപൂര്‍ണവുമായ ഒരു ജനതയെയാണ് നാം മുന്നില്‍ കാണേണ്ടത്- കോടതി പറഞ്ഞു.
ഇതൊരു കോടതിയാണെന്നും അടിയന്തരാവസ്ഥയില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടതിനാല്‍ മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന സകാത്ത് ഫൗണ്ടേഷന്‍ ഭീകര സംഘടനകളില്‍നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന സത്യവാങ്മൂലം ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവങ്കെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു.  
തീവ്രവാദ ബന്ധമുള്ള വിവിധ സംഘടനകളില്‍നിന്ന് ഫൗണ്ടേഷന്‍ ഫണ്ട് സ്വീകരിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപിഎസ് സി ജിഹാദ് എന്ന പദം ഉപയോഗിച്ചതെന്ന് ചാനല്‍ അവകാശപ്പെട്ടു.
സിവില്‍ സര്‍വീസുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഫൗണ്ടേഷന്‍ പ്രധാനമായും പരിശീലനവും പഠന സാമഗ്രികളും നല്‍കുന്നത്.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ വാദം കേള്‍ക്കലില്‍ ഏതെങ്കിലും സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തിയും മെറിറ്റില്‍ സിവില്‍ സര്‍വീസില്‍ ചേരുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് ചാനലിന്റെ അഭിഭാഷകന്‍ പറഞ്ഞു.
സകാത്ത് ഫൗണ്ടേഷന്‍ കേസില്‍ കക്ഷി ചേരുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. സകാത്ത് ഫൗണ്ടേഷന്‍ അമുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്കും സഹായം നല്‍കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സാമൂഹിക സേവനം സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും ചെയ്യുന്നില്ലെന്നും ഫൗണ്ടേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു.

 

Latest News