കൊച്ചി-യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാലോകത്തെ സഹപ്രവര്‍ത്തകരായ നാല് സാക്ഷികളാണ് ഇത് വരെ കൂറുമാറിയത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്. ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്ന ആദ്യമൊഴിയില്‍ നിന്നാണ് ഇടവേള ബാബു പിന്മാറിയത്. തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കുന്നുവെന്നാണ് നടി പരാതിപ്പെട്ടത്.
2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മലക്കംമറിഞ്ഞത്.
വ്യാഴാഴ്ചയാണ് സിദ്ധിഖും ഭാമയും കൂറുമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു.