വര്‍ഷംതോറും സെപ്തംബറിലാണ് സ്മാര്‍ട്‌ലോകത്തെ ത്രസിപ്പിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ടെക്ക് ഭീമന്‍ ആപ്പ്ള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. കാലിഫോര്‍ണിയയിലെ കമ്പനി ആസ്ഥാനമായ ആപ്പ്ള്‍ പാര്‍ക്കില്‍ ഇത്തവണ വെര്‍ച്വലായാണ് ആപ്പ്ള്‍ പുതിയ നിര ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തിയത്. ഈ ചടങ്ങിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം പുതിയ ഐഫോണുകളാണ്. എന്നാല്‍ ഇത്തവണ ഏവരും കാത്തിരുന്ന പുതിയ ഐഫോണ്‍ 12 ഇല്ലാതെയായിരുന്നു ആപ്പ്ള്‍ ഇവന്റ്. ആപ്പ്ള്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വാച്ച് എസ് ഇ, എട്ടാം തലമുറ ഐപാഡ്, ഐപാഡ് എയര്‍ (2020) എന്നിവയാണ് പുതിയ അവതാരങ്ങള്‍. തൊട്ടുപിന്നാലെ ഐഒഎസ് 14, ഐപാഡ്ഒഎസ് 14, വാച്ച് ഒഎസ് 7 എന്നിവയും എത്തി. ഏറെ വൈകാതെ പുതിയ ഐ ഫോണും എത്തും.
ആപ്പിള്‍ വാച്ച് സീരീസ് 6
ഇത്തവ ആദ്യം അവതരിപ്പിച്ചത് പുതിയ ആപ്പിള്‍ വാച്ചാണ്. എടുത്തു പറഞ്ഞ പ്രധാന സവിശേഷത രക്തത്തിലെ ഓക്‌സിജന്‍ നില അളന്നെടുക്കാനുള്ള ഈ വാച്ചിന്റെ കഴിവാണ്. ഹൃദയ ധമനീ സംവിധാനത്തിന്റെ പ്രവര്‍ത്തനം എത്രത്തോളം നല്ല രീതിയില്‍ നടക്കുന്നുവെന്നും ഈ വാച്ച് നീരീക്ഷിക്കും. 20 ശതമാനം അധിക വേഗത നല്‍കുന്ന എസ് 6 പ്രൊസസറാണ് കരുത്ത്. കൂടാതെ ഒട്ടേറെ പുതുമകളും ഉണ്ട്. യുഎസില്‍ വില തുടങ്ങുന്നത് 399 ഡോളറിലാണ്. ഇന്ത്യയില്‍ 40,900 രൂപയോളം വരും.
ആപ്പിള്‍ വാച്ച് എസ് ഇ
പ്രധാനമായും കു്ട്ടികളെ ലക്ഷ്യമിട്ടാണ് താരതമ്യേന വില കുറഞ്ഞ ആപ്പിള്‍ വാച്ച് എസ് ഇ അവതരിപ്പിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ലൊക്കേഷന്‍ നോട്ടിഫിക്കേഷന്‍, സ്‌കൂള്‍ ടൈം മോഡ് എന്നിവ ഇതിലുണ്ട്. സ്‌കൂള്‍ ടൈം മോഡിലാണെങ്കില്‍ മറ്റു ഫീച്ചറുകള്‍ക്ക് നിയമന്ത്രണമുണ്ടാകും. 279 ഡോളറാണ് യുഎസിലെ വില.
ആപ്പിള്‍ വാച്ച് സീരീസ് 3
ഇത് ഏതാനും വര്‍ഷം പഴക്കമുള്ളതാണെങ്കിലും ഇത്തവണ ഒന്നുകൂടി പരിഷ്‌ക്കരിച്ച് അവതരിപ്പിച്ചിരിക്കുന്നു. ബില്‍റ്റ് ഇന്‍ ജിപിഎസ്, സ്വിം ട്രാക്കിങ്, കൃത്യമായ ഹാര്‍ട്ട് റേറ്റ് ട്രാക്കിങ് തുടങ്ങിയ മികച്ച ഫീ്ച്ചറുകള്‍ ഇതിലുണ്ട്. വില 199 ഡോളര്‍ തന്നെ.
എട്ടാം തലമുറ ഐപാഡ്
എ12 ബയോണിക്ക് ചിപ്പ് എന്ന പ്രധാന മാറ്റവുമായാണ് പുതിയ ഐപാഡ് എത്തിയിരിക്കുന്നത്. ടച് ഐഡിയും പിന്നെ പഴയ മോഡലിലെ മറ്റു ഫീച്ചറുകളുമെല്ലാം ഉണ്ട്. ആപ്പിളിന്റെ സ്മാര്‍ട് കീബോര്‍ഡും ആപ്പിള്‍ പെന്‍സിലും പുതിയ ഐപാഡ് സപോര്‍ട്ട് ചെയ്യും.
ഐപാഡ് എയര്‍ 2020
പുനര്‍രൂപകല്‍പ്പന ചെയ്ത ബോഡി, ഒറ്റ പിന്‍കാമറ, 10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലെ എന്നീ സവിശേഷതകളുമായാണ് ഐപാഡ് എയര്‍ 2020 വരുന്നത്. ടച് ഐഡി ഫിംഗര്‍പ്രിന്റ് പവര്‍ ബട്ടനില്‍ ഇന്റഗ്രേറ്റ് ചെയ്ത പുതുമയുമുണ്ട്. പുതിയ എ14 ബയോണിക് പ്രൊസസറാണ് കരുത്ത്. വരാനിരിക്കുന്ന ഐഫോണ്‍ 12ലും പ്രതീക്ഷിക്കപ്പെടുന്ന പ്രൊസസറാണിത്. മുന്‍ ഐപാഡ് എയറിനേക്കാള്‍ 40 ശതമാനം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതിനാകുമെന്ന് ആപ്പ്ള്‍ പറയുന്നു.
ആപ്പിള്‍ ഫിറ്റ്‌നെസ് പ്ലസ്
ആപ്പിള്‍ വാച് യുസര്‍മാരെ ലക്ഷ്യമിട്ടുള്ള ഒരു ഫിറ്റ്‌നസ് സര്‍വീസ് ആണിത്. ഫിറ്റ്‌നസ് ഡേറ്റയും ട്രെയ്‌നറുടെ വിഡിയോയും ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ ടിവി എന്നിവയുടെ സ്‌ക്രീനില്‍ കാണാം.
ആപ്പിള്‍ വണ്‍
ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ ന്യൂസ് പ്ലസ്, ആപ്പിള്‍ ആര്‍ക്കേഡ്, ആപ്പിള്‍ ഫിറ്റ്‌നസ് പ്ലസ്, ഐക്ലൗഡ് തുടങ്ങി ആപ്പിളിന്റെ എല്ലാ സേവനങ്ങളും ഒന്നിച്ച് സബ്‌സ്‌ക്രൈബ് ചെയ്യാവുന്ന ഒരു പാക്കേജാണ് ആപ്പിള്‍ വണ്‍.