Sorry, you need to enable JavaScript to visit this website.

കള്ളഭൂപടവുമായി പാക്കിസ്ഥാന്‍; റഷ്യ ആതിഥ്യംവഹിച്ച യോഗത്തില്‍ നിന്ന് ഇന്ത്യന്‍ സംഘം ഇറങ്ങിപ്പോയി

ന്യൂദല്‍ഹി- റഷ്യ ആതിഥ്യംവഹിച്ച ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പാക്കിസ്ഥാന്‍ കെട്ടിച്ചമച്ച ഭൂപടം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇറങ്ങിപ്പോയി. ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ച ഭൂപടമായിരുന്നു ഇത്. പാക്കസ്ഥാന്റെ വ്യക്തമായ ചട്ടലംഘനത്തിലുള്ള ഇന്ത്യയുടെ പ്രതിഷേധമായിരുന്നു ഈ ഇറങ്ങിപ്പോക്കെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാക്കിസ്ഥാന്‍ ഈയിടെയായി മനപ്പൂര്‍വം പ്രചരിപ്പിക്കുന്ന ഭൂപടമാണ് യോഗത്തില്‍ അവരുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അവതരിപ്പിച്ചത്. ഇത് ആതിഥേയ രാജ്യമായ റഷ്യയോടുള്ള അപമാനമായിരുന്നു. യോഗ ചട്ടങ്ങളുടേയും ലംഘനമാണ്- വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. റഷ്യയുമായി കൂടിയാലോചിച്ചാണ് യോഗത്തില്‍ നിന്ന് ഇന്ത്യന്‍ സംഘം ഇറങ്ങിപ്പോയതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് നാലിന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അവതരിപ്പിച്ച ഭൂപടമാണ് പാക്കിസ്ഥാന്‍ കൊണ്ടു വന്നത്. ഈ ഭൂപടത്തില്‍ ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീര്‍, ലഡാക്ക്, ഗുജറാത്തിലെ സര്‍ ക്രീക്ക് എന്നീ പ്രദേശങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതു നേരത്തെ ഇന്ത്യ രാഷ്ട്രീയ അസംബന്ധം എന്നു വിശേഷിപ്പിച്ച് ശക്തമായി തള്ളിക്കളഞ്ഞിരുന്നു. നിയമവിരുദ്ധമായ ഈ ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. യോഗം വെര്‍ച്വലായാണ് നടന്നിരുന്നത്. ഈ അവസരം മുതലെടുത്താണ് പാക്കിസ്ഥാന്‍ കള്ളഭൂപടം പ്രദര്‍ശിപ്പിച്ചത്.
 

Latest News