ന്യൂദല്‍ഹി-ഇന്ത്യയില്‍ ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പത്തുലക്ഷം കോടി രൂപ മുതല്‍ മുടക്കിലാണ് ഈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നീളുന്നതിനിടെയാണ് പുതിയ ഏഴ് റൂട്ടുകളില്‍ കൂടി അതിവേഗ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.
ദല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ദല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ദല്‍ഹി-അമൃത്‌സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി- ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.
ഡിപിആര്‍ തയ്യാറാക്കിയാല്‍ മാത്രമെ ചെലവ് എത്രവരുമെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയൂവെന്ന് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയപരിധി പുതുക്കേണ്ടതുണ്ടെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വി.കെ യാദവ് ഈയിടെ പറഞ്ഞിരുന്നു. ഇതിന് മൂന്നു മാസം മുതല്‍ ആറു മാസം വരെയെടുത്തേക്കാം എന്നാണ് കണക്കുകൂട്ടല്‍.