മുംബൈ-കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ തീയേറ്ററുകള്‍ കഴിഞ്ഞ ആറു മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ശതകോടികളുടെ സാമ്പത്തിക നഷ്ടമാണ് സിനിമാ മേഖലക്ക് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടെ തിയേറ്ററുകള്‍ തുറക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചിരുന്നുവെങ്കിലും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തീരുമാനമായില്ല. ഒക്ടോബറില്‍ ദീപാവലി ഉത്സവ കാലത്തെങ്കിലും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമുള്ള തിയറ്റര്‍ ഉടമകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ക്ക് മറുപടി നല്‍കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഈ വര്‍ഷം വിഷു, ഓണം, റംസാന്‍ ഉത്സവ കാലങ്ങളിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യയിലെ തിയറ്ററുകള്‍ക്ക് ഇതിനോടകം തന്നെ 3000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാളുകളിലെ മള്‍ട്ടി സ്‌ക്രീനിംഗ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ സെപ്റ്റംബര്‍ ഒന്നോടെ അനുമതി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു.