ന്യുദൽഹി- കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരീഭർത്താവ് റോബർട്ട് വദ്രയുടെ വിമാന യാത്രാ ചെലവുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ബിജെപിയെ പ്രതിരോധിക്കാൻ മറുചോദ്യവുമായി കോൺഗ്രസും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003നും 2007നുമിടയിൽ നരേന്ദ്ര മോഡി നടത്തിയ സ്വകാര്യ വിമാന യാത്രകളുടെ ചെലവുകൾ വഹിച്ചത് ആരാണെന്ന ചോദ്യവുമായി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി രംഗത്തെത്തി. ഇക്കാലയളവിൽ മോഡി നൂറിലേറെ തവണയാണ് ഇന്ത്യയിൽ പലയിടത്തേക്കും വിദേശത്തേക്കും ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്തത്. ഈ യാത്രകളുടെ മൊത്തം ചെലവ് ഏതാണ്ട് 16.56 കോടി രൂപയോളം വരുമെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.
'ഇവയെല്ലാം ചാർട്ടേഡ് യാത്രകളായിരുന്നു. സർക്കാർ ആവശ്യങ്ങൾക്കായിരുന്നില്ല. ഇവയിൽ ഏതാനും വിദേശ യാത്രകൾ മാറ്റി നിർത്തിയാൽ ബാക്കി യാത്രകൾക്ക് വന്ന ചെലവ് 16.56 കോടി രൂപയാണ്. ഈ ചെവല് ആരാണ് വഹിച്ചത്? ഇതുസംബന്ധിച്ച് ഇന്നും മൗനം തുടരുകയാണ്,' സിങ്‌വി പറഞ്ഞു. സ്വകാര്യ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും മോഡി നടത്തിയ യാത്രകളുടെ പട്ടികയും കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.
ഇതു വെറും ആരോപണമല്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ നടത്തിയ യാത്രകളാണിത്. ഇതിന് സൗകര്യമൊരുക്കിയത് സ്വകാര്യ വ്യക്തികളാണ്. ഇവർ ആരാണെന്നതു സംബന്ധിച്ച ഒരു വിവരവുമില്ല,' സിങ്‌വി പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ച് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ 500 രൂപയിൽ കൂടുതൽ വിലപിടിപ്പുള്ള ഏതൊരു സമ്മാനവും പരസ്യപ്പെടുത്തണം. മോഡി നടത്തിയ ഈ യാത്രകളുടെ ചെലവ് സംസ്ഥാന സർക്കാർ ഭാഗികമായി പോലും വഹിച്ചിട്ടില്ലെങ്കിൽ ഇതും സമ്മാനമായി ഗണിക്കപ്പെടും. ഇത് ഗുജറാത്തിന്റെ വികസനത്തിനും വ്യവസായത്തിനും വേണ്ടിയാണോ അല്ലെയോ എന്നതല്ല പ്രശ്‌നം. ഗുജറാത്തിന്റെ വ്യാവസായിക നയത്തിന്റെ ഗുണഭോക്താക്കളിൽ നിന്നും ആനുകൂല്യം കൈപ്പറ്റിയോ എന്നതാണ് ചോദ്യം,' സിങ്‌വി ചൂണ്ടിക്കാട്ടി.
സൗജന്യമായി ഒന്നുമില്ല. എല്ലാത്തിനും ആരെങ്കിലുമൊക്കെ പണം മുടക്കിയെ തീരൂ. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളുടെ ചെലവുകൾ വഹിക്കുന്നയാൾ തീർച്ചയായും സംസ്ഥാനത്തിന്റെ നയത്തിന്റെ ഗുണഭോക്താവായിരിക്കും. അദ്ദേഹം പറഞ്ഞു. 100 യാത്രകളിൽ നാലെണ്ണം വിദേശത്തേക്കാണ് മോഡി നടത്തിയത്. 2007 ജുലൈയിൽ സ്വിറ്റ്‌സർലൻഡിലേക്കും ഇതേവർഷം ജുണിൽ കൊറിയയിലേക്കും ഏപ്രിലിൽ ജപാനിലേക്കും 2006 നവംബറിൽ ചൈനയിലേക്കും നടത്തിയ യാത്രകളാണ് ഇന്ത്യയ്ക്കു പുറത്തേക്കു നടത്തിയത്.