ബെംഗളൂരു- മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ.സി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴാണ് സംഭവം. ഇത് ഡോക്ടര്‍മാര്‍ കൈയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. രാഗിണിയുടെ പ്രവര്‍ത്തി വളരെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് സിനിമാലോകത്തേക്ക് അന്വേഷണം നീളുന്നത്. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ഗല്‍റാണിയെയും പോലീസ് അറസ്റ്റ് ചെയ്തു. രാഗിണിയെപ്പോലെ തന്നെ സഞ്ജനയും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തപരിശോധനയ്ക്ക് സഞ്ജന വിസമ്മതിച്ചിരുന്നു.താന്‍ നിരപരാധിയാണെന്നും പോലീസില്‍ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു. ''നിങ്ങള്‍ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളില്‍ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നല്‍കാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട്'' അവര്‍ പറഞ്ഞു. സഞ്ജന പോലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ പിന്നീട് അനുമതി നല്‍കിയത്. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധനയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി.