ബിജെപി സര്‍ക്കാരിന് തലവേദനയായി ഹരിയാനയില്‍ കര്‍ഷക സമരം ശക്തിപ്രാപിക്കുന്നു

ചണ്ഡീഗഡ്- കേന്ദ്ര സര്‍ക്കാര്‍ ജൂണില്‍ കൊണ്ടു വന്ന കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ബിജെപി സര്‍ക്കാരിന് തലവേദനയായി. പ്രതിപക്ഷമായ കോണ്‍ഗ്രസും ഐഎല്‍എല്‍ഡിയും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഭരണകക്ഷിയായ ബിജെപിയും സഖ്യകക്ഷിയായ ജെജെപിയും പരസ്പര വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് സമരത്തിന് തുടക്കം. കുരുക്ഷേത്രയിലെ പിപ്‌ലിയില്‍ ദേശീയ പാത ഉപരോധിച്ചത് കര്‍ഷകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ചു. സംഭവത്തെ തുടര്‍ന്ന് കര്‍ഷക നേതാവ് ഗുരുനാം സിങ് ചാദുണിക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം കുലുക്കമില്ലാത്ത ഗുരുനാം സിങ് തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരവുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കര്‍ഷര്‍ പ്രതിഷേധം ശക്തമാക്കിയത്. കര്‍ഷകരുമായി ബന്ധപ്പെട്ട മൂന്ന് ഓര്‍ഡിനന്‍സുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്ന വ്യാപാര വാണിജ്യ പ്രോത്സാഹന ഓര്‍ഡിനന്‍സിനെതിരെയാണ് ശക്തമായ എതിര്‍പ്പുള്ളത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വാങ്ങല്‍ വില്‍ക്കലുകള്‍ക്കളിന്മേല്‍ പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ക്കുണ്ടായിരുന്ന പൂര്‍ണ നിയന്ത്രണം ഇല്ലാതാക്കുന്നതാണ് ഈ ബില്ല്. മിനിമം താങ്ങുവിലയ്ക്ക് കാര്‍ഷിക വിളകള്‍ സംഭരിക്കുന്ന സര്‍ക്കാര്‍ സംവിധാനം ഇല്ലാതാക്കുന്നതിന്റെ ആദ്യ പടിയാണിതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ ഉണ്ടായ പോലീസ് നടപടിയില്‍ വലിയ പ്രതിഷേധമുണ്ടായി. ലാത്തി വീശുന്ന ചിത്രങ്ങളും പുറത്തു വന്നു. ഇതിനെതിരെ ബിജെപി സഖ്യകക്ഷിയായ ജെജെപിയും രംഗത്തെത്തി. വിവിധ പാര്‍ട്ടി നേതാക്കളും പരിക്കേറ്റ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഇവര്‍ കര്‍ഷക നേതാവ് ഗുരുനാം സിങിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പലയിടത്തും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടേയും ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയുടേയും കോലം കത്തിച്ചു. 

കര്‍ഷകരുടെ സമരം പൊളിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ജയിലുകള്‍ തയാറാക്കിക്കോളൂ, അറസ്റ്റ് വരിക്കാന്‍ ഞങ്ങള്‍ തയാറാണ്- എന്നാണ് ഗുരുനാം സിങിന്റെ പ്രഖ്യാപനം. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് നീക്കം.
 

Latest News