Sorry, you need to enable JavaScript to visit this website.

എല്ലാദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന്  ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍

മുംബൈ-ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്നും താന്‍ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡിലൂടെ ലോകപ്രശസ്തനായ ബെയര്‍ ഗ്രില്‍സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് അക്ഷയ് കുമാര്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു. അക്ഷയ് കുമാറിനൊപ്പമുള്ള 'ഇന്‍ ടു ദ വൈല്‍ഡ്' എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു ബെയര്‍ ഗ്രില്‍സ്.
ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളോടൊപ്പം അക്ഷയ്‌യുടെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താല്‍പര്യങ്ങളെ കുറിച്ചും വാചാലനായി സംസാരിച്ച ഗ്രില്‍സ്, താരം ആന പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞു. നടി ഹുമാ ഖുറേഷിക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. അതിന് മറുപടിയായി അക്ഷയ് പറഞ്ഞത്  ആരോഗ്യം നിലനിര്‍ത്താന്‍ ആയുര്‍വേദ കാരണങ്ങളാല്‍ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആന പിണ്ടം ചായ ഒന്നുമല്ല', എന്നായിരുന്നു. അക്ഷയ് കുമാര്‍ ഈഗോയില്ലാത്ത തമാശക്കാരനാണെന്നായിരുന്നു ഗ്രില്‍സിന്റെ പ്രതികരണം. വിനയത്തോടെ പെരുമാറുന്ന താരത്തിന്റെ ശാരീരികക്ഷമതയും ഗംഭീരമാണ്. ഇത്രയും വര്‍ഷമായി നിരവധി അതിഥികള്‍ തന്റെ പ്രോഗ്രാമില്‍ വന്നിട്ടുണ്ടെങ്കിലും അക്ഷയ് കുമാര്‍ ഏറ്റവും മികച്ച അതിഥികളില്‍ ഒരാളായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് വ്യക്തമാക്കി.
 

Latest News