തൃശൂര്‍-മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. തന്മയത്വമാര്‍ന്ന പ്രകടനങ്ങളിലൂടെ മലയാളത്തിലും തമിഴിലുമെല്ലാം ആരാധകരെ സൃഷ്ടിച്ച ഈ അതുല്യ പ്രതിഭക്ക് ഇന്ന് നാല്‍പത്തി രണ്ട് വയസ്സ് തികയുകയാണ്. കൂടാതെ മഞ്ജു അഭിനയ ജീവിതത്തില്‍ ഈ വര്‍ഷം കാല്‍നൂറ്റാണ്ട് പിന്നിടുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഒരു നായികയെ സംബന്ധിച്ചിടത്തോളം ഇത്രയും നാള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കാലഹരണപ്പെടാതെ ജനപ്രീതിയോടെ നിലനില്‍ക്കുക എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. ചെയ്ത വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചതു തന്നെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി ഇത്രയും നാള്‍ നിലനില്‍ക്കുവാന്‍ മഞ്ജുവിനെ സഹായിച്ച വലിയ സ്രോതസ്സ് എന്ന് നിസംശയം പറയാം. തങ്ങള്‍ കണ്ട കാഴ്ചയേക്കാള്‍ അതിമനോഹരമായിരിക്കും,സുന്ദരമായിരിക്കും മഞ്ജുവിന്റേതായി വരാനിരിക്കുന്ന കഥാപാത്രങ്ങളും സിനിമ കാഴ്ചകളും എന്നത് മഞ്ജുവെന്ന പ്രതിഭയുടെ കഴിവ് അറിയുന്ന ആരും നൂറുവട്ടം സമ്മതിക്കും.
വിവാഹത്തെ തുടര്‍ന്ന് വിട്ടുനിന്ന ചില വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തുടക്കം തൊട്ടിന്നു വരെ മഞ്ജുവിനോടുള്ള മലയാളികളുടെ ഇഷ്ടം കൂടിയിട്ടേയുള്ളു. ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ്, സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയുന്ന ലളിതം സുന്ദരം, നിവിന്‍ പോളി ചിത്രം പടവെട്ട്, സണ്ണി വെയിന്‍ ചിത്രം ചതുര്‍മുഖം എന്നിവയാണ് മഞ്ജുവിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.