മിന്‍സ്ക്- ബലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കഷെങ്കോയുടെ കടുത്ത വിമര്‍ശകയും മുന്‍നിര പ്രതിപക്ഷ നേതാക്കളില്‍ ഒരാളുമായ മരിയ കൊലസ്നികോവയെ മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച രാവിലെയാണ് വാനിലെത്തിയ സംഘം മിന്സ്കില് നിന്ന് മരിയയെ തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകള്‍ക്കു ശേഷം മരിയയുടെ കൂടെയുള്ള മറ്റു രണ്ടു പേരെയും കാണാതായി. ഓഗസ്റ്റ് 9നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപിച്ച് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ള വനിതാ നേതാവാണ് മരിയ. ദീര്‍ഘകാലമായി പ്രസിഡന്റ് പദവിയിലിരിക്കുന്ന ലുക്കഷെങ്കോയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ട്. ആരോപണങ്ങള്‍ തള്ളിയ ലുക്കഷെങ്കോ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. വിപ്ലവുണ്ടാക്കി തന്നെ അട്ടിമറിക്കാനുള്ള വിദേശ ശക്തികളാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്നാണ് ലുക്കഷെങ്കോയുടെ വാദം.
അതിനിടെ ബലാറസ് ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ 31 ഉന്നതര്‍ക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് നീക്കമുണ്ട്. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള അടിച്ചമര്‍ത്തലിനെ തുടര്‍ന്നാണിത്.
ലുക്കഷെങ്കോയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ പിന്തുണയുണ്ട്. ആവശ്യമെങ്കില്‍ പോലീസിനെ അയക്കാമെന്ന പുടിന് വാഗ്ദാനവും നല്‍കിയിട്ടുണ്ട്.