അറുപത്തൊമ്പതാം ജന്മദിനമാഘോഷിക്കുന്ന പ്രിയനടന്‍ മമ്മുട്ടിയെ നാട് അകമഴിഞ്ഞ് ആശംസിച്ച ദിനത്തില്‍, മമ്മുട്ടിയെന്ന വ്യക്തിയെ സ്വന്തം വാക്കുകളില്‍ വരച്ചിടുകയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ജീവിതത്തിലെ ഒരു വിഷമഘട്ടത്തില്‍ ആശ്വാസവുമായെത്തിയ മമ്മൂട്ടിയെക്കുറിച്ചാണ് പേളിയുടെ കുറിപ്പ്
'നിങ്ങളെയെല്ലാവരെയും പോലെ ധാരാളം മമ്മൂക്ക ചിത്രങ്ങള്‍ കണ്ടാണ് ഞാനും വളര്‍ന്നത്. ഞാന്‍ സിനിമയിലേക്ക് വരുമെന്നോ അദ്ദേഹത്തെ നേരില്‍ കാണുമെന്നോ എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലെ ചില നായകന്മാര്‍ യഥാര്‍ഥ ജീവിതത്തില്‍ അതിലും വലിയ നായകന്മാരാണെന്ന് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. മമ്മൂക്ക അതുപോലൊരു ഹീറോ ആണ്. അദ്ദേഹമൊരു പ്രചോദനമാണ്. അദ്ദേഹത്തിനൊപ്പം മനോഹരമായ നിരവധി മുഹൂര്‍ത്തങ്ങള്‍, മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പക്ഷേ ഈ ചിത്രമെടുത്ത ദിവസം ഒരുപാട് സ്‌പെഷല്‍ ആയ ഒന്നാണ്. അന്നായിരുന്നു ‘ പുള്ളിക്കാരന്‍ സ്റ്റാറാ’എന്ന ചിത്രത്തിന്റെ സെറ്റില്‍ അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ഷൂട്ടിംഗ് ദിവസം. അതേ ദിവസം രാവിലെ തന്നെയാണ് എനിക്ക് എന്റെ അമ്മാവനെ നഷ്ടപ്പെട്ടത് (അമ്മയുടെ ഇളയ സഹോദരന്‍). എന്റെ മുഴുവന്‍ കുടുംബാംഗങ്ങളും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി ബാംഗ്ലൂരിലേക്ക് പോയെങ്കിലും ജോലിയാണ് പ്രാധാന്യം, ഷൂട്ടിംഗ് നടക്കണം എന്നു പറഞ്ഞ് എന്നോട് വരേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. അതത്ര എളുപ്പമായിരുന്നില്ലെങ്കിലും മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാന്‍ സെറ്റിലെത്തി. പലതരം വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. കരയുന്നുണ്ട്, എന്നാല്‍ കരയാതിരിക്കാനും ശ്രമിക്കുന്നുണ്ട്. കാരണം എന്റെ കണ്ണുകള്‍ വന്നുവീര്‍ക്കും. ചിത്രീകരിക്കാന്‍ പോവുന്നത് ഒരു കോമഡി രംഗമാണ് താനും.
കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക സെറ്റിലെത്തി. എങ്ങനെയോ എന്റെ കാര്യം മമ്മൂക്ക നേരത്തെ അറിഞ്ഞിരുന്നു. അദ്ദേഹം എന്റെ അരികിലേക്ക് വന്നു, എന്നോട് സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചു. പക്ഷേ ഏറ്റവും മനോഹരമായ കാര്യമെന്തെന്നാല്‍, അദ്ദേഹം എന്നോട് അമ്മയെ ഫോണില്‍ വിളിക്കാന്‍ പറഞ്ഞു. ഫോണില്‍ അമ്മയോട് സംസാരിച്ചു, അമ്മയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന് അതൊന്നും ചെയ്യേണ്ട കാര്യമില്ല, അദ്ദേഹമൊരു സൂപ്പര്‍സ്റ്റാറാണ്. പക്ഷേ അതിലുമുപരി അദ്ദേഹം ഒരു സൂപ്പര്‍ ഹ്യൂമന്‍’ കൂടിയാണ്. അദ്ദേഹത്തെ കാണാനും മനസ്സിലാക്കാനും ലഭിക്കുന്ന ഓരോ അവസരവും ഞാന്‍ അനുഗ്രഹമായി കരുതുന്നു. അദ്ദേഹമൊരു മാണിക്യമാണ്. എന്നും ഞാനദ്ദേഹത്തിന്റെ ആരാധികയായിരിക്കും. ജന്മദിനാശംസകള്‍ മമ്മൂക്ക. നിങ്ങള്‍ക്ക് തങ്കം പോലൊരു മനസാണുള്ളത്., അത് ഈ മേഖലയില്‍ അപൂര്‍വ്വവുമാണ്, അതുകൊണ്ടായിരിക്കാം നിങ്ങളിത്ര സ്‌നേഹിക്കപ്പെടുന്നതും.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പേളി കുറിപ്പിനൊപ്പം പങ്കുവെച്ചു.