ചിത്രീകരണം ആരംഭിച്ചതുമുതൽ തന്നെ എതിർപ്പുകളും നേരിടേണ്ടിവന്ന സഞ്ജയ് ലീലാ ബൻസാലിയുടെ ബിഗ് ബജറ്റ് ചിത്രം പത്മാവതി പ്രദർശനത്തിന് തയാറെടുക്കുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മൂന്ന് മിനിറ്റിലേറെ നീളുന്ന ടീസർ രാജ ഭരണകാലത്തെ പ്രൗഢികൾ നിറഞ്ഞതാണ്.
പത്മാവതി എന്ന പേരിൽ അറിയപ്പെട്ടിരുന്ന റാണി പത്മിനിയുടെ കഥ പറയുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് ദീപിക പദുക്കോൺ. രജപുത്ര രാജാവായ മഹാറാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും, സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും. ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ ബോളിവുഡ് ചിത്രം, പക്ഷെ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആക്ഷേപവും നേരിടുന്നു. ചിത്രീകരണം നടക്കുമ്പോൾ രാജ്പുത് കർണി സേന എന്ന സംഘടന ചിലയിടങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു.
ദൃശ്യ ധാരാളിത്തം കൊണ്ട് സമ്പന്നമായ ദേവദാസ് പോലെ സഞ്ജയ് ലീല ബൻസാലിയുടെ മറ്റൊരു മാസ്റ്റർ പീസായിരിക്കും പത്മാവതി എന്നാണ് ബോളിവുഡിലെ സംസാരം. സാവരിയ ഗോലിയോം കി രാസലീല രാം ലീല, ബാജ് റാവു മസ്താനി തുടങ്ങിയ ചിത്രങ്ങളും എടുത്ത ബൻസാലിക്ക് വലിയ കാൻവാസിൽ എങ്ങനെ സിനിമയെ അവതരിപ്പിക്കണമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.