ന്യൂദല്‍ഹി-ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 2021 ലും കോവിഡ് വ്യാപനം തുടര്‍ന്നേക്കും. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന പ്രവണത സൂചിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ കോവിഡ് മഹാമാരിക്ക് ശമനമുണ്ടായേക്കാം.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നാണ് പ്രധാന കാരണം. പത്തു ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഓരോ ദിവസവും നടത്തുന്നത്. സ്വാഭാവികമായും കൂടുതല്‍ കോവിഡ് രോഗികളെ കണ്ടെത്താന്‍ കഴിയും.
കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവന്ന പലരും മടുത്ത് തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയില്‍ ജനങ്ങളെ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ട് തുടങ്ങിയിരിക്കുന്നു. പലസ്ഥലത്തും ആള്‍ക്കൂട്ടവും കാണാന്‍ കഴിയുന്നു. ഇതെല്ലാം കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകും.
രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം. വാക്‌സിന്‍ യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാക്‌സിന്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താല്‍ മാത്രമെ എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ കഴിയൂ. സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുന്ന എന്നീ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും.
എന്നാല്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അവയില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ് സഞ്ചരിക്കുന്ന സാഹചര്യമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പബ്ബുകളും ബാറുകളും അടക്കമുള്ളവ വ്യാപകമായി തുറക്കുന്നതോടെ അവിടേക്ക് പോകുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി