Sorry, you need to enable JavaScript to visit this website.

ബംഗളുരു ലഹരി മരുന്ന് വേട്ട: നടി രാഗിണി കസ്റ്റഡിയില്‍ 

ബംഗളുരു- മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ താരങ്ങളിലേക്ക് അന്വേഷണം ഊര്‍ജിതമാക്കുന്നു. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുള്ള നടി രാഗിണി ദ്വിവേദിയെ കേന്ദ്ര െ്രെകംബ്രാഞ്ച് (സിസിബി) വിഭാഗം കസ്റ്റിഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് രാവിലെ രാഗിണിയുടെ വീട്ടില്‍ സിസിബി വിഭാഗം പരിശോധന നടത്തിയിരുന്നു. യെലഹങ്കയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടിയോട് കഴിഞ്ഞ ദിവസം സിസിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് നടി മറുപടി നല്‍കിയതിനു പിന്നാലെയാണ് കോടതിയില്‍ നിന്നുള്ള സര്‍ച്ച് വാറണ്ടുമായി അന്വേഷണ സംഘം വീട്ടില്‍ എത്തിയത്.
മോഹന്‍ലാലിന്റെ 'കാണ്ഡഹാര്‍' എന്ന മലയാള ചിത്രത്തില്‍ രാഗിണി അഭിനയിച്ചിട്ടുണ്ട്. ലഹരി മരുന്ന് വിവതരണം ചെയ്തതില്‍ രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ എന്നയാളെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കന്നട സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ക്ക് ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ജയനഗറിലുള്ള സംസ്ഥാന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഒരു ജീവനക്കാരനാണ് രവി ശങ്കര്‍. രാഗിണിക്കൊപ്പം ലഹരിമരുന്ന പാര്‍ട്ടികളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടികളില്‍ കഞ്ചാവ്, കൊക്കൈയ്ന്‍, ഹാഷിഷ് എന്നിവ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.
കന്നട സിനിയിലെ നിരവധി പേര്‍ക്ക് ലഹരിമരുന്ന സംഘവുമായി ബന്ധമുണ്ടെന്ന് നിര്‍മ്മാതാവ് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് കഴിഞ്ഞ ദിവസം പോലീസിന് വിവരം നല്‍കിയത്. ഓഗസ്റ്റ് 26ന് കന്നട ടെലിവിഷന്‍ താരം ഡി.അങ്കിത, മലയാളികളായ അനൂപ് മുഹമ്മദ്, ആര്‍.രവീന്ദ്രന്‍ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ പിടികൂടിയതിനു പിന്നാലെയാണ് കന്നട സിനിമയിലെ ലഹരി മരുന്ന് ഇടപാടിനെ കുറിച്ച് ഇന്ദ്രജിത്ത് ലങ്കേഷ് സൂചന നല്‍കുന്നത്.
കേസില്‍ കാസനോവയിലെ നായികമാരില്‍ ഒരാളായി മലയാളത്തിലെത്തിയ നടി സഞ്ജന ഗല്‍റാണിയേയും ബെംഗളൂരു സെന്‍ട്രല്‍ െ്രെകബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. ഇവരുടെ സഹായിയായ രാഹുലും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കന്നട സിനിമ മേഖലയില്‍ നടക്കുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് രാഹുലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണ് സഞ്ജനയേയും സി.സി.ബി ചോദ്യം ചെയ്യുന്നത്. മലയാളത്തിന് സുപരിചിതയായ നായിക നില്‍ക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.
അതിനിടെ, മലയാളികള്‍ ഉള്‍പ്പെട്ട ബംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. മുഖ്യ പ്രതി കൊച്ചിക്കാരന്‍ മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങള്‍ അന്വേഷിക്കും. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷിക്കുക. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ എന്‍സിബി ബംഗളൂരു യൂണിറ്റ് ശേഖരിച്ചിരുന്നു. മുഹമ്മദ് അനൂപിനൊപ്പം ബംഗളുരുവില്‍ അറസ്റ്റിലായ സീരിയല്‍ നടി അനിഘയില്‍ നിന്നു കണ്ടെടുത്ത ഡയറിയില്‍ 15 കന്നഡയിലെ അടക്കം നടീനടന്മാരുടെ പേരുകള്‍ ഉണ്ട്. ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേര്‍ അനൂപ് മുഹമ്മദിന് സഹായം നല്‍കിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അനൂപിന് ബിനീഷ് പലവണ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. വ്യാപാര ആവശ്യങ്ങള്‍ക്കായി പണം നല്‍കിയിട്ടുണ്ട്. കൊച്ചിയിലെ വസ്ത്ര വ്യാപാരം പരാജയപ്പെട്ടപ്പോള്‍ ബിനീഷ് കോടിയേരിയാണ് പണം നല്‍കിയത്.

Latest News