ഓൺലൈൻ ടാക്‌സിയായ ഊബറിൽ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്താൽ വീണ്ടും ഊബർ സർവീസ് ലഭിക്കണമെങ്കിൽ മാസ്‌ക് ധരിച്ചിരിക്കുന്നുവെന്ന ഫോട്ടോ തെളിവായി നൽകേണ്ടിവരും.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രധാനമായ മാസ്‌ക് ധരിക്കാതെ വാഹനങ്ങളിൽ കയറുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള കമ്പനി പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയത്. യാത്രക്കാരൻ മാസ്‌ക് ധരിച്ചിട്ടില്ലെന്ന് ഡ്രൈവർ ഊബറിനെ അറിയിച്ചാൽ, അടുത്ത തവണ കാർ വിളിക്കുമ്പോൾ യാത്രക്കാരൻ ഊബറിന് ഒരു സെൽഫി അയക്കണം.
ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ടാക്‌സി സർവീസ് കമ്പനിയാണ ഊബർ. കോവിഡിനെ ഭയപ്പെടുന്ന യാത്രക്കാരെ ആശ്വസിപ്പിക്കാനാണ് കമ്പനി കഴിഞ്ഞ മേയ് മുതൽ മാസ്‌ക് ധരിച്ചിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയത്.
അതാണ് ഇപ്പോൾ വിപലുമാക്കിയിരിക്കുന്നത്. ഡ്രൈവർമാരുടെ സുരക്ഷയും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
യുഎസിലും കാനഡയിലും ആദ്യം നിബന്ധന കർശനമാക്കുമെന്നും പിന്നീട് ലോകത്തിന്റ മറ്റു ഭാഗങ്ങളിലും സെൽഫി നിർബന്ധമാക്കുമെന്നും കമ്പനി അറിയിച്ചു.
ഈ വർഷം കനത്ത തിരിച്ചടി നേരിട്ട ഊബർ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അധിക സുരക്ഷാ നടപടികൾ. പ്രതികൂല സാഹചര്യങ്ങൾ കാരണം ഊബറിന്റെ കഴിഞ്ഞ മൂന്ന് മാസത്തെ കണക്കിൽ പോയ വർഷത്തെ അപേക്ഷിച്ച് 56 ശതമാനമാണ് ഇടിവ്.