കൊച്ചി-ഒരുകാലത്ത് തന്റെ സിനിമകള്‍ കണ്ട് ഭാര്യ തിയേറ്ററില്‍ ഇരുന്ന് കൂവിയിട്ടുണ്ടെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരു സിനിമ ഇറങ്ങിയാല്‍ ആരുടെ അഭിപ്രായത്തിന് വേണ്ടിയാണ് കാത്തിരിക്കാറുളളത് എന്നായിരുന്നു ചാക്കോച്ചനോട് അവതാരകന്‍ ചോദിച്ചത്.
ഇതിന് മറുപടിയായി എന്റെ ഭാര്യയുടെ അഭിപ്രായത്തിന് വേണ്ടിയാണ് കാത്തിരിക്കാറുളളതെന്ന് ചാക്കോച്ചന്‍ പറഞ്ഞു. ഒരു സിനിമ കണ്ട് ഉളളത് ഉളളത് പോലെ തന്നെ അവള്‍ പറയുമെന്ന് നടന്‍ പറഞ്ഞു. എന്റെ ചില സിനിമകള്‍ കണ്ട് തിയേറ്ററില്‍ ഇരുന്ന് കൂവിയിട്ടുളള ആളാണ് പ്രിയ. ഞാന്‍ കോട്ടയത്തിരുന്ന് ഒരു സിനിമ കണ്ടോണ്ടിരിക്കുന്ന സമയത്ത് പുളളിക്കാരി എറണാകുളത്ത് അതിന് മുമ്പേ ആദ്യ ഷോയ്ക്ക് കയറിയിരുന്നു.
അപ്പോള്‍ ഞാന്‍ പ്രിയയുടെ മെസെജോ കോളോ വരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ ഇങ്ങനെ നോക്കികൊണ്ടിരുന്നു. കാരണം അത് ഭയങ്കര ടെന്‍ഷനുളള കാര്യമാണ്. ഉളള കാര്യം ഉളളത് പോലെ ഒരു ഭയവുമില്ലാതെ പറയുന്ന ആളാണ്. കുറച്ചുകഴിഞ്ഞ് എറണാകുളത്ത് ഷോ കഴിഞ്ഞു എന്ന് എനിക്ക് റിപ്പോര്‍ട്ട് കിട്ടി. ആള്‍ക്കാര് നല്ലത് പറയുന്നുണ്ട്. എന്നാലും എനിക്ക് വിശ്വാസം പോര. ഞാനത് കഴിഞ്ഞ് പ്രിയയെ വിളിച്ചുനോക്കി. അപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. അവളെ കിട്ടാതായപ്പോ എനിക്ക് ടെന്‍ഷന്‍ കൂടി. ദൈവമേ സിനിമ ഇഷ്ടപ്പെടാത്തത് കൊണ്ട് ഫോണ്‍ ഓഫാക്കിയത് ആണോ. അതോ പറയാനുളള മടി കൊണ്ടായിരിക്കോ. രാജേഷിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ചെയ്‌തൊരു സിനിമയല്ലെ. അതായിരിക്കും ചിലപ്പോള്‍ ഫോണ്‍ ഓഫാക്കിയതെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും ഇവിടത്തെ ഫസ്റ്റ് ഹാഫ് കഴിഞ്ഞിരുന്നു. ആള്‍ക്കാര്‍ നല്ല അഭിപ്രായം ഒകെ പറയുന്നുണ്ടായിരുന്നു. എന്നാലും ഞാനൊരു വെച്ച ചിരിയൊക്കെയായിട്ട് ഇരിക്കുന്നുണ്ട്. അത് കഴിഞ്ഞ് സെക്കന്‍ഡ് ഹാഫ് തുടങ്ങിയപ്പോഴാണ് പ്രിയയുടെ ഒരു മെസേജ് വരുന്നത്. കലക്കി സിനിമ എന്നൊക്കെ പറഞ്ഞു. ഞാന്‍ ചോദിച്ചു എന്ത് പറ്റി വിളിക്കാതിരുന്നതെന്ന്.
അപ്പോള്‍ അവള്‍ പറഞ്ഞു. സിനിമയിലെ ഇമോഷണല്‍ രംഗമൊക്കെ കണ്ടപ്പോള്‍ കരഞ്ഞു പോയി, അതാണ് വിളിക്കാതിരുന്നത് എന്ന്. അത് കേട്ട് കഴിഞ്ഞപ്പോ എനിക്ക് ഈ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളൊന്നും അത്രയ്ക്ക് എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല. ഞാനും വളരെ ഇമോഷണലായി പോയി. ചാക്കോച്ചന്‍ പറഞ്ഞു.