കഴിഞ്ഞ വർഷം ബോളിവുഡിലെ ഏറ്റവും പണം വാരിയ ചിത്രമായിരുന്നു ഋത്വിക് റോഷനും, ടൈഗർ ഷ്‌റോഫും പ്രധാന വേഷങ്ങളിലെത്തിയ വാർ. 150 കോടി രൂപ മുടക്കിൽ നിർമിച്ച ചിത്രം 475 കോടി കളക്ട് ചെയ്തു. ചിത്രത്തിൽ ഋത്വിക് 48 കോടി പ്രതിഫലം വാങ്ങി എന്നാണ് റിപ്പോർട്ട്. ഇതോടെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടനായിരിക്കുകയാണ് ഋത്വിക് റോഷൻ. കോവിഡ് കാലത്തിനുമുമ്പ് റിലീസ് ചെയ്തതും ചിത്രത്തിന്റെ വൻ വിജയത്തിന് കാരണമായി.
യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിച്ച വാർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ വാണി കപൂറായിരുന്നു നായിക. ശ്രീനാഥ് രാഘവൻ, സിദ്ധാർഥ് ആനന്ദ് എന്നിവരാണ് തിരക്കഥ എഴുതിയത്.
എന്നാൽ ചിത്രത്തിന്റെ വമ്പൻ വിജയം ഏറ്റവും ഗുണം ചെയ്തത് ഋത്വിക്കിനാണ്. ഋത്വിക്കിന് വേണ്ടി നിക്ഷേപിക്കുന്ന പണത്തിൽ നിർമ്മാതാക്കൾ പൂർണമായും തൃപ്തരാണെന്നാണ് റിപ്പോർട്ട്. ഋത്വിക്കിന്റെ സിനിമകൾക്ക് സാറ്റലൈറ്റിനും ഡിജിറ്റലിനും മോശമല്ലാത്ത വരുമാനം ലഭിക്കുന്നതിനാൽ തന്നെ മുടക്കുമുതൽ തിരിച്ചുവരുമെന്നും നിർമ്മാതാക്കൾക്ക് ഉറപ്പാണ്.