മലയാള സിനിമയിലെ യുവനടന്മാരിൽ അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് ഫഹദ് ഫാസിൽ. ചാപ്പാ കുരിശ്, ഡയമണ്ട് നെക്ലേസ്, ഇയ്യോബിന്റെ പുസ്തകം, നോർത്ത് 24 കാതം, 22 ഫീമെയിൽ കോട്ടയം, ആമേൻ, അന്നയും റസൂലും, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, വരത്തൻ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ഏറ്റവുമൊടുവിൽ ട്രാൻസ് വരെ ഫഹദിന്റെ അഭിനയ മികവ് പ്രകടമായ ചിത്രങ്ങളാണ്.
ഒരു ബോളിവുഡ് താരത്തിന്റെ മുഖഭാവമൊക്കെയുണ്ടെങ്കിലും ബോളിവുഡിലേക്ക് തിരിയാൻ ഇതുവരെ ഫഹദ് തയാറായിട്ടില്ല.
പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഫഹദ് അതിന് തയാറല്ല. തനിക്ക് അവിടെ പിടിച്ചുനിൽക്കാനാവില്ല എന്നതാണ് അതിന് കാരണമെന്ന് ഫഹദ് തുറന്നു സമ്മതിക്കുന്നു.
'പലരും ചോദിക്കാറുണ്ട്, ഹിന്ദിയിലും മറ്റും അഭിനയിക്കാത്തതെന്തെന്ന്? എനിക്കവിടെയൊന്നും പോയാൽ നിലനിൽക്കാനാവില്ലെന്ന് ചോദിക്കുന്നവർക്കറിയില്ല' -ഫഹദ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യൂ സൂൺ' ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ഓൺലൈനായി റിലീസ് ചെയ്ത ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഐ ഫോണിലാണ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് തന്നെ നിർമിച്ച ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ്. സംഗീതം ഗോപി സുന്ദർ.