Sorry, you need to enable JavaScript to visit this website.

ആക്ടിംഗ് ജീനിയസ്


കഥാപാത്രം ഏതുമാകട്ടെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവും ധൈര്യവുംകൊണ്ട് മലയാള സിനിമയിലെ വേറിട്ട മുഖമാണ് അനുമോളുടേത്. ഇവൻ മേഘരൂപനിലെ തങ്കമണിയും അകത്തിലെ രാഗിണിയും ചായില്യത്തിലെ ഗൗരിയും വെടിവഴിപാടിലെ സുമിത്രയും ഞാനിലെ ജാനുവും ഉടലാഴത്തിലെ നൃത്താധ്യാപികയും തുടങ്ങി നിരവധി കഥാപാത്രങ്ങൾ ഈ അഭിനേത്രിയിൽ ഭദ്രമായിരുന്നു. നായകരുടെ നിഴലായല്ല, കഥയിൽ സ്വന്തമായി ഒരിടമുണ്ടെന്നു കാണുന്ന കഥാപാത്രങ്ങളായിരുന്നു അനുമോൾ തിരഞ്ഞെടുത്തിരുന്നത്.


മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത നടുവട്ടത്തുനിന്നും മലയാള സിനിമയുടെ തിരുമുറ്റത്തേയ്ക്കു കടന്നുവന്ന ഈ കംപ്യൂട്ടർ എൻജിനീയറിംഗ് ബിരുദധാരി അവതരിപ്പിച്ച കഥാപാത്രങ്ങളിലെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. വിപ്രോയിലെ ജോലി മതിയാക്കി അഭിനയ ജീവിതം തിരഞ്ഞെടുത്ത അനുമോളുടെ ലക്ഷ്യം വെറുതെയായില്ല. തമിഴിൽ തുടങ്ങി മലയാളത്തിലും ഒടുവിൽ ബംഗാളി ചിത്രത്തിലുംവരെ അഭിനയിച്ചുകഴിഞ്ഞിരിക്കുന്നു ഈ മലപ്പുറത്തുകാരി.


അഭിനയം മാത്രമല്ല, യാത്രകളും ഏറെ ഇഷ്ടപ്പെടുന്നു അനുമോൾ. സ്വന്തമായി കാറോടിച്ച് ഓരോയിടത്തും ചെന്നെത്തുകയും അവിടത്തെ വിശേഷങ്ങൾ തന്റെ അനുയാത്ര എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് പകർന്നുനൽകുകയും ചെയ്യുന്നത് ഹരമാണ് ഈ നടിക്ക്. ഈ യാത്രാ ചാനൽ ദുൽഖറാണ് ഉദ്ഘാടനം ചെയ്തത്. യാത്രകളോടുള്ള പ്രണയം കാഴ്ചക്കാർക്കു മുന്നിൽ അനാവരണം ചെയ്യുന്ന അനുമോൾ യാത്രാ വിവരണങ്ങൾ മാത്രമല്ല, തന്റെ ഇഷ്ടങ്ങളായ നൃത്തത്തെയും വായനയെക്കുറിച്ചുമെല്ലാം ഈ ചാനലിലൂടെ അവതരിപ്പിക്കാറുണ്ട്. ഇത്തരമൊരു ചാനൽ തന്റെയുംകൂടി സ്വപ്നമാണെന്നും ദുൽഖർ പറഞ്ഞിരുന്നു.


ഈയിടെ പുറത്തുവിട്ട പുതിയ വീഡിയോയിൽ അനുമോൾ മറ്റൊരു വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. പാടത്തിറങ്ങി വിത്ത് വിതയ്ക്കുകയാണ് ഈ അഭിനേത്രി. അഭിനയമാണ് ജീവിതവഴിയായി തിരഞ്ഞെടുത്തതെങ്കിലും താനൊരു നാട്ടിൻപുറത്തുകാരിയാണെന്നും മണ്ണിൽ ചവിട്ടിയുള്ള ജീവിതമാണ് തന്റേതെന്നും വെളിപ്പെടുത്തുകയാണ് ഈ കലാകാരി.
'വീഡിയോ കണ്ട പലരും ചോദിച്ചത് കൃഷിയിലേക്ക് മടങ്ങിയോ എന്നാണ്. എന്നാൽ പണ്ടുകാലം തൊട്ടേ വീട്ടിൽ കൃഷിയുണ്ട്. കർഷക കുടുംബമാണ് ഞങ്ങളുടേത്. വീട്ടിലെ കൃഷി കണ്ടും അറിഞ്ഞുമാണ് വളർന്നത്. കുട്ടിക്കാലത്ത് വേനലവധിയെത്തിയാൽ ഞങ്ങളെല്ലാം പാടത്തേയ്ക്കിറങ്ങും. പണിക്കാർക്ക് ആഹാരമെത്തിക്കാനും കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നു ശ്രദ്ധിക്കാനുമെല്ലാം ഞങ്ങളെയാണ് ചുമതലപ്പെടുത്തുക. അക്കാലംതൊട്ടേ വയലിലെ ചെളിയിൽ ചവിട്ടിക്കളിക്കാനും ഞാറു നടാനും കൊയ്യാനുമെല്ലാം പണിക്കാരോടൊപ്പം കൂടുമായിരുന്നു. വീടിനു തൊട്ടടുത്തായതിനാൽ പലപ്പോഴും വയലിലായിരിക്കും ഞങ്ങളുടെ കളി. അന്നൊക്കെ വർഷത്തിൽ രണ്ടുപ്രാവശ്യം നെൽകൃഷി ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴത് ഒന്നായി കുറഞ്ഞു. ഇക്കൊല്ലത്തെ വിത്ത് വിതച്ചുകഴിഞ്ഞു. ഒരു മാസമാവുമ്പോഴേയ്ക്കും അത് പറിച്ചുനടണം.

പിന്നെ മൂന്നുനാലു മാസം കഴിയുമ്പോഴേയ്ക്കും കൊയ്യണം. കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണത്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഷൂട്ടിംഗ് തിരക്കൊന്നുമില്ലാത്തതിനാൽ ഇത്തവണ ഞാനും ഒപ്പം കൂടി അത്രയേയുള്ളു. കൃഷിയുടെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അമ്മയാണ്.'
ഗൃഹാതുരത്വം വല്ലാതെ അലട്ടുന്ന കൂട്ടത്തിലാണ് ഞാൻ. എവിടെചെന്നാലും പെട്ടെന്ന് വീട്ടിൽ മടങ്ങിയെത്തണം. ഈ പാടവും പറമ്പും കുളവും എന്റെ മുറിയുമെല്ലാം എനിക്കെന്നും പ്രിയപ്പെട്ടതാണ്. ഇവിടത്തെ തെങ്ങും വാഴയും കവുങ്ങും വെറ്റിലയും പച്ചക്കറിയുമെല്ലാം നനക്കുന്നതും വളമിടുന്നതുമെല്ലാം ഇപ്പോൾ എന്റെ ഉത്തരവാദിത്തമാണ്. കുട്ടിക്കാലംതൊട്ടേ ഇവരെയെല്ലാം തൊട്ടുരുമ്മി സംസാരിച്ച് നടക്കാനാണ് ഇഷ്ടം- അനുമോൾ പറയുന്നു.
നാട്ടിലെത്തിയാൽ ഞാനൊരു അഭിനേത്രിയല്ല. നാട്ടുകാരോടെല്ലാം സംസാരിച്ച് വിശേഷങ്ങൾ തിരക്കുന്ന അവരുടെ കൂട്ടത്തിലുള്ള ഒരാൾ. രാവിലെ നടക്കാനിറങ്ങും. വഴിയിൽ കാണുന്നവരോടെല്ലാം കുശലം പറയും. കുട്ടിക്കാലംതൊട്ടേ കാണുന്നവരാണ് പലരും.


ലോക്ഡൗൺ കാലം ശരിക്കും ബുദ്ധിമുട്ടി. പുസ്തകങ്ങൾ കുറേ വായിച്ചുതീർത്തു. വീട്ടിലും പറമ്പിലും പാടത്തുമെല്ലാം ചെന്നിരുന്നായിരുന്നു വായന. വായിച്ചുമടുത്തപ്പോൾ പാചകം പരീക്ഷിച്ചുതുടങ്ങി. പാചകം വലിയ ക്ഷമ ആവശ്യമുള്ള ജോലിയായതിനാൽ ഉപേക്ഷിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനുശേഷമാണ് കൃഷിയിറക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. അതും ശ്രദ്ധിക്കപ്പെട്ടു. കൃഷിപ്പണി കഴിഞ്ഞപ്പോൾ പുതിയ മേച്ചിൽപുറം കണ്ടെത്തിയിരിക്കുകയാണ്. ഹെർബൽ സോപ്പും ഷാമ്പുവും നിർമ്മിക്കലാണ് പുതിയ തൊഴിൽ.
സിനിമയിലെത്തിയപ്പോഴും എല്ലാ ഓണത്തിനും നാട്ടിലെത്താറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഓണം ആഘോഷിച്ചിരുന്നില്ല. പ്രളയ ദുരിതത്തിൽ ഒട്ടേറെ പേർ അകപ്പെട്ടതു കാണുമ്പോൾ എങ്ങനെയാണ് നമ്മൾ ആഘോഷിക്കുക. ഞാനും അമ്മയും മാത്രമാണ് ഇത്തവണ ഓണത്തിനു നാട്ടിലുള്ളത്. ഇൻഡിഗോ എയർലൈൻസിൽ ജോലി നോക്കുന്ന അനുജത്തി ബാംഗ്ലൂരിലാണുള്ളത്. അവൾക്ക് എത്താനാവില്ല. അമ്മയും ഞാനും ഇഷ്ടപ്പെട്ട കറികളൊരുക്കി ഓണം ആഘോഷിക്കുകയാണ്.


പലരും പറയുന്നതുപോലെ ഞാനത്ര ബോൾഡൊന്നുമല്ല. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിയുന്നത്. പിന്നീട് ഞാനും അനുജത്തിയും അമ്മയും മാത്രമായി. അമ്മയിൽനിന്നും കിട്ടിയ ധൈര്യമാണ് ഞങ്ങളെ മുന്നോട്ടു നയിച്ചത്. ഒരു കാര്യത്തിലും തടയാതെയും ഭയപ്പെടുത്താതെയുമാണ് അമ്മ ഞങ്ങളെ വളർത്തിയത്. നല്ലതെന്നു തോന്നുന്നത് ചെയ്യാനുള്ള സ്വാതന്ത്ര്യവും നൽകി. ജോലി ഒഴിവാക്കി സിനിമ തിരഞ്ഞെടുത്തപ്പോഴും അമ്മ എതിർത്തിരുന്നില്ല. പലപ്പോഴും ചിത്രീകരണത്തിനുപോകുന്നതുപോലും ഒറ്റയ്ക്കാണ്.
ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നും മനസ്സിലുണ്ട്. കുട്ടിക്കാലത്ത് ഓണം തുടങ്ങിയാൽ അമ്മൂമ്മമാർ പൂക്കൊട്ടകൾ ഉണ്ടാക്കിത്തരും. അതുമായാണ് ഞങ്ങൾ ഒരുകൂട്ടം കുട്ടികൾ പാടത്തേയ്ക്കിറങ്ങുക. പാടത്തും തോട്ടിലുമെല്ലാം വീണ് മേലാസകലം ചെളിയുമായിട്ടായിരിക്കും മടക്കം. കൂടുതൽ പൂക്കൾ ആർക്കുകിട്ടും എന്നതായിരുന്നു വാശി. രാവിലെ വലിയ പൂക്കളമിടും. ഓണമായാൽ പൂക്കളിട്ടും സദ്യയുണ്ടും ഊഞ്ഞാലുകെട്ടിയുമെല്ലാം കളിച്ചുതകർക്കും. അതെല്ലാം പഴയ കഥ. ഇപ്പോഴത്തെ ഓണക്കാലത്ത് നമുക്ക് നഷ്ടം വന്നിരിക്കുന്നതും ആ പഴയ നല്ല കാലമാണ്.


കൊറോണ രോഗം ഒട്ടേറെ ചിത്രങ്ങളുടെ ചിത്രീകരണമാണ് മുടക്കിയിരിക്കുന്നത്. പത്മിനിയെന്ന വലിയ ചിത്രകാരിയുടെ ജീവിതം അഭ്രപാളിയിലൂടെ പുറത്തിറങ്ങാൻ ഒരുങ്ങവേയാണ് ലോക് ഡൗൺ വന്നത്. അകാലത്തിൽ പൊലിഞ്ഞുപോയ പത്മിനി എന്ന കലാകാരിയെ ആവിഷ്‌കരിക്കാനായി ചിത്രരചനയും അഭ്യസിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചുവരുന്ന പത്മിനി ഓൺലൈനിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നുണ്ട്. മറ്റൊരു ചിത്രമായ താമരയിൽ താമര എന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഉടമ്പടി എന്ന ചിത്രത്തിൽ ഇന്ദു എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാലു ചിത്രങ്ങളിലേയ്ക്ക് കരാറായിട്ടുണ്ടെങ്കിലും പ്രഖ്യാപനം വരാത്തതുകൊണ്ട് പുറത്തു പറയാറായിട്ടില്ല.
വാക്കിംഗ് ഓവർ വാട്ടർ എന്നൊരു ബംഗാളി ചിത്രത്തിലും ഇതിനകം വേഷമിട്ടുകഴിഞ്ഞു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരെക്കുറിച്ച് ഡോ. ബിജു ഒരുക്കിയ അമീബ എന്ന ചിത്രം കണ്ടാണ് ജോഷി ജോസഫ് ബംഗാളി ചിത്രത്തിലേയ്ക്ക് അവസരം ഒരുക്കിയത്. ചിത്രത്തിൽ ബെൻസി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഭാര്യയും ഭർത്താവും മകനും ചേർന്ന ഒരു കുടുംബകഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഹൗറാ പാലവും ചിത്രത്തിൽ വിഷയമാകുന്നുണ്ട്.' -അനുമോൾ പറഞ്ഞുനിർത്തുന്നു.

 


 

Latest News