ജനീവ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ് മുന്നറിയിപ്പ് നല്‍കി. കോവിഡിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് ഗൗരവതരമായി ചിന്തിക്കുന്ന രാജ്യങ്ങള്‍ വൈറസിനെ ഇല്ലാതാക്കുന്നതിനെ കുറിച്ചും ഗൗരവത്തോടെ ചിന്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.കോവിഡിനെ ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ എല്ലാ രാജ്യങ്ങളും കൈക്കൊള്ളണം കോവിഡ് വ്യാപനത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളും തടയുക, ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുക. സ്വയം സംരക്ഷണം തീര്‍ക്കുക, രോഗ ബാധിച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തി ഐസലേഷനില്‍ പ്രവേശിപ്പിക്കുക, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കുക, പരിശോധനകള്‍ വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ എല്ലാ രാജ്യങ്ങളും ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.