ബ്രസല്‍സ്- വൈഫൈ ഇന്റര്‍നെറ്റ് കണക്്ഷന്‍ കടുകട്ടി പാസ്‌വേഡ് ഉപയോഗിച്ച് പൂട്ടുന്നതോടെ എല്ലാം സുരക്ഷിതമായി എന്നു വിശ്വസിക്കാന്‍ വരട്ടെ. ഏതു വൈഫൈ നെറ്റ്‌വര്‍ക്കും ഹാക്ക് ചെയ്യാമെന്നാണ് പുതിയ കണ്ടെത്തല്‍. നമ്മുടെയൊക്കെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ബെല്‍ജിയത്തിലെ കെയു ലുവേവെന്‍ യുണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ ഈ കണ്ടെത്തല്‍. ബഹുഭൂരിഭാഗം വൈഫൈ കണക്ഷനുകള്‍ക്കും ഉപയോഗിക്കുന്ന ഡബ്ല്യു.പി.എ 2 പ്രോട്ടോക്കോള്‍ തകര്‍ത്തുകൊണ്ടാണ് ബെല്‍ജിയം ഗവേഷകര്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
സൈബര്‍ ആക്രമണത്തിനും വിവരങ്ങള്‍ ചോര്‍ത്താനും അറിയാവുന്ന ഹാക്കര്‍മാര്‍ക്ക് അധികമൊന്നും മെനക്കേണ്ടതില്ലെന്നാണ് മാത്തി വാനോഫ്, ഫ്രാങ്ക് പിയെസെന്‍സ് എന്നീ ഗവേഷകരുടെ മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ട്രാഫിക് പരസ്യമാകുമെന്ന ഈ കണ്ടെത്തല്‍ ലോകത്താകെ വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വയര്‍ലെസ് സെക്യൂരിറ്റി പ്രോട്ടോക്കോളിലെ (WPA2 ) പോരായ്മകളാണ് ഗവേഷകര്‍ കണ്ടെത്തി സ്ഥിരീകരിച്ചത്. സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്തുവെന്ന് ഇതുവരെ കരുതിയിരുന്ന വിവരങ്ങള്‍ വായിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഈ പുതിയ ടെക്‌നിക്ക് ഉപയോഗിക്കാം. ഇതുവഴി ഇ മെയിലുകളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചാറ്റുകളുമൊക്കെ ചോര്‍ത്താം.
സെക്യൂരിറ്റി പ്രോട്ടോക്കോളിലെ വീഴ്ചക്ക് കീ റിഇന്‍സ്റ്റലേഷന്‍ അറ്റാക്ക് എന്ന തിന്റെ ചുരുക്കമായ ക്രാക്ക് എന്ന പേരാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്നത്.
ഇന്നു വിപണിയില്‍ ലഭ്യമായ അത്യാധുനികവും സുരക്ഷിതവുമായ എല്ലാ വൈ ഫൈ നെറ്റ്‌വര്‍ക്കുകളിലേക്കും ഈ പഴുതിലൂടെ കയറിക്കൂടാമെന്നത് വലിയ സൈബര്‍ സുരക്ഷാ ഭീഷണി തന്നെയാണ്. ആന്‍ഡ്രോയ്ഡ് പ്ലാറ്റഫോമിലുള്ള 41 ശതമാനം ഡിവൈസുകള്‍ക്കും ഇതു ഭീഷണിയാണെന്നും ഗവേഷകര്‍ അവരുടെ ബ്ലോഗില്‍ പറയുന്നു.
ഇതോടെ ഗുഗിള്‍, മൈക്രോസോഫ്റ്റ് അടക്കമുള്ള സോഫ്റ്റ് വെയര്‍ ഭീമന്‍മാരും പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ക്കായി പണിതുടങ്ങിക്കഴിഞ്ഞു. അതേസമയം ഈ സുരക്ഷാ പഴുതു ഉപയോഗിച്ച് ആക്രമണവും നടന്നതായി ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരും ആഗോള തലത്തില്‍ വൈ ഫൈ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന ഏജന്‍സിയായ വൈഫൈ അലയന്‍സും വ്യക്തമാക്കി. ഇതുവഴിയുള്ള ആക്രമണം എളുപ്പമല്ലെന്നും സ്വകാര്യ നെറ്റ് വര്‍ക്കുകളില്‍ ഇതിനുള്ള സാധ്യത കുറവാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.