ന്യൂദൽഹി- സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും അപകീർത്തിപ്പെടുത്തി എന്നാരോപിച്ചുള്ള കേസിൽ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ചുമത്തി ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റെ ബൈക്ക് ഹെൽമെറ്റില്ലാതെ ഓടിച്ചതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തുവെന്നാരോപിച്ചാണ് പ്രശാന്ത് ഭൂഷണെതിരെ കേസെടുത്തിരുന്നത്. പിഴ സെപ്തംബർ 15നകം അടക്കണമെന്നും ഇല്ലെങ്കിൽ മൂന്നു മാസം തടവോ മൂന്നു വർഷത്തേക്ക് അഭിഭാഷക വിലക്കോ നേരിടേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. മാപ്പ് പറയണമെന്ന സുപ്രീം കോടതി ആവർത്തിച്ച് അപേക്ഷിച്ചിട്ടും പ്രശാന്ത് ഭൂഷൺ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് സുപ്രീം കോടതി പിഴയിട്ടത്.