കാലിഫോര്‍ണിയ- ഇന്റര്‍നെറ്റ് സെര്‍ച് എഞ്ചിന്‍ രംഗത്തെ മുടിചൂടാ മന്നന്‍മാരായ ഗൂഗ്ള്‍ സെര്‍ചിനെ വെല്ലാന്‍ ആപ്ള്‍ പണി തുടങ്ങിയതായി സൂചന. പുതിയൊരു സെര്‍ച് എഞ്ചിന്‍ ആപ്‌ളിന്റെ പണിപ്പുരയില്‍ തയാറായി വരുന്നുവെന്ന് നിരവധി റിപോര്‍ട്ടുകളുണ്ട്. ഐഒഎസ് 14 ബീറ്റാ വേര്‍ഷനൊപ്പം ഗൂഗ്ള്‍ സെര്‍ചിനു പകരം തങ്ങളുടെ സ്വന്തം സ്‌പോട്‌ലൈറ്റ് സെര്‍ച് അവതരിപ്പിക്കാനാണ് ആപ്‌ളിന്റെ നീക്കം. സെര്‍ച് എഞ്ചിന്‍ വിദഗ്ധരെ ആവശ്യമുണ്ടെന്ന ആപ്‌ളിന്റെ ജോലി പരസ്യമാണ് ഈ ഊഹങ്ങള്‍ക്ക് ശക്തി പകരുന്നത്.
നിലവില്‍ ആപ്‌ളിന്റെ ഫോണുകളിലും ലാപ്‌ടോപുകളും ടാബ്‌ലെറ്റുകളിലുമുള്ള ഓപറേറ്റിങ് സിസറ്റങ്ങളായ ഐഒഎസ്, മാക് ഒഎസ്, ഐപാഡ് ഒഎസ് എന്നിവയില്‍ ഗൂഗ്ള്‍ സെര്‍ചിനെ ഡീഫോള്‍ട്ട് സെര്‍ച് എഞ്ചിനായി നിലനിര്‍ത്താന്‍ ആപ്‌ളിനു വര്‍ഷങ്ങളായി ഗൂഗ്ള്‍ ശതകോടിക്കണക്കിന് ഡോളറുകളാണ് നല്‍കിവരുന്നത്. ആപ്ള്‍ ബ്രൗസറായ സഫാരി ഉപയോഗിക്കുമ്പോള്‍ ഐഫോണ്‍, ഐപാഡ്, മാക് ഉപയോക്താക്കള്‍ സെര്‍ചിനായി ഗൂഗ്‌ളില്‍ തന്നെ എത്താനാണിത്. ഇത് ബ്രിട്ടനിലടക്കം വിപണി നിയന്ത്രണ ഏജന്‍സികളുടെ സൂക്ഷ്മപരിശോധനയ്ക്ക് കാരണമായിട്ടുണ്ട്. ഈ ഇടപാട് തുടരാനാകില്ലെന്ന വികാരമാണ് അവിടെ. ഇതു വിലക്കപ്പെട്ടാല്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കം പലയിടത്തും സമാന നീക്കം ഉണ്ടായേക്കാം. ഗൂഗ്‌ളുമായുള്ള ഇടപാടു കാരണം സ്വന്തമായി സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കുന്നതിനും തടസ്സങ്ങളുണ്ട്. ഗൂഗ്‌ളിനെ മാറ്റി നിര്‍ത്തുന്നതോടെ ഇതും നീങ്ങും. മാത്രവുമല്ല ആപ്‌ളിന് ഗൂഗ്‌ളിന്റെ പണവും ആവശ്യമില്ല. ഇതാകാം സ്വന്തമായി സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കാന്‍ ആപ്‌ളിനെ പ്രേരിപ്പിച്ചത്.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാചുറല്‍ ലാംഗ്വേജ് പ്രോസസിങ്, മെഷീന്‍ ലേണിങ് എന്നീ സാങ്കേതിക വിദ്യകളുടെ ഏറ്റവും പുതിയ സാധ്യതകളെ സമന്വയിപ്പിച്ചാണ് ആപ്ള്‍ സെര്‍ച് എഞ്ചിന്‍ ഒരുക്കുന്നതെന്ന് പലസൂചനകളേയും വിലയിരുത്തി ടെക്‌നോളജി വാര്‍ത്താ പോര്‍ട്ടലായ കോയ്‌വൂള്‍ഫ് പറയുന്നു. വന്‍തോതില്‍ പണം മുടക്കിയാണ് ആപ്ള്‍ സെര്‍ച് എഞ്ചിന്‍ വികസിപ്പിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇതു യാഥാര്‍ത്ഥ്യമാകുന്നതോടെ ആപ്ള്‍ ഗാജെറ്റുകളിലെ ഗൂഗ്‌ളിന്റെ സെര്‍ച് കുത്തക അവസാനിക്കും.