ന്യൂദൽഹി- ഇന്ത്യ മോശം സാമ്പത്തിക നിലയിലേക്ക് വരാനുള്ള കാരണം ദൈവത്തിൽനിന്നുള്ള ചില പ്രവൃത്തികളാണെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ വാദത്തെ പരിഹസിച്ചും ചുട്ട മറുപടി നൽകിയും മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം. കോവിഡ് ദൈവത്തിന്റെ ചെയ്തിയാണെങ്കിൽ കൊവിഡിന് മുൻപ് 2017-18, 2018-19,2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയെ സ്തംഭിപ്പിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമെന്താണെന്ന് ദേവദൂത എന്ന നിലയിൽ നിർമല സീതാരാമന് ഉത്തരം നൽകാനാകുമോ എന്നും ചിദംബരം ട്വീറ്റ് ചെയ്തു.
സംസ്ഥാനങ്ങൾക്ക് എല്ലാ സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്ന കേന്ദ്ര നയം അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളോട് റിസർവ്വ് ബാങ്കിൽ നിന്ന് കൂടുതൽ വായ്പയെടുക്കാനുള്ള ധനമന്ത്രിയുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സാമ്പത്തിക പ്രതിസന്ധിയ്ക്കും മറുപടി പറയാതെ ഒഴിഞ്ഞു നിൽക്കുന്ന കേന്ദ്ര നയം വഞ്ചനയാണെന്നും ചിദംബരം വ്യക്തമാക്കി.