ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബിഎസ്പി എംഎല്‍എ മുഖ്താര്‍ അന്‍സാരിയുടെ അനധികൃത കെട്ടിടം സര്‍ക്കാര്‍ ഇടിച്ചുനിരത്തി. ലഖ്‌നൗവിലെ കണ്ണായ സ്ഥലങ്ങളിലൊന്നായ ദാലിബാഗ് മേഖലയില്‍ ഭൂമി കയ്യേറി എംഎല്‍എ പണിത കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും വന്‍ സന്നാഹത്തോടെയായിരുന്നു നടപടികള്‍. എല്ലാ ചെലവുകളും സര്‍ക്കാര്‍ എംഎല്‍എയില്‍ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വക്താവ് മൃത്യുജ്ഞയ് കുമാര്‍ പറഞ്ഞു. പാക്കിസ്ഥാനിലേക്കു കുടിയേറിപ്പോയവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മുഖ്താര്‍ അന്‍സാരി കെട്ടിടം പണിതിരുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. എംഎല്‍എക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇവിടെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാവു എംഎല്‍എയായ അന്‍സാരിയുടെ അടുപ്പക്കാരുടെ സ്വത്തുകള്‍ ഈയിടെ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. നാലു പേരുടെ ആയുധ ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.