സിംഗപ്പൂര്‍ സിറ്റി- രാജ്യത്തെ ധനകാര്യമേഖലയില്‍ വിദേശികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുന്നു.
രാജ്യത്തെ തൊഴില്‍ രംഗത്ത് പ്രവാസികള്‍ പിടിമുറുക്കുകയാണെന്ന ആശങ്ക ശക്തമായതിനു പിന്നാലെയാണ് അധികൃതരുടെ നടപടി. ജൂലൈയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വിഷയം വലിയ പ്രാധാന്യം നേടിയിരുന്നു.
വിദേശികളുടെ തുടക്ക ജോലിക്കായുള്ള പ്രവേശന പാസ് ലഭിക്കാന്‍ കുറഞ്ഞ ശമ്പളം 3659 അമേരിക്കന്‍ ഡോളറായി വര്‍ധിപ്പിക്കാനാണ് സിംഗപ്പൂര്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം. മാന്‍പവര്‍ മന്ത്രാലയത്തിന്റെ നീക്കത്തെ പൂര്‍ണമായും പിന്തുണക്കുന്നതായി സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റി (മാസ്) അറിയിച്ചു.
എപ്ലോയ്മെന്റ് പാസ് ലഭിക്കുന്നതിനുള്ള മിനിമം ശമ്പളം വര്‍ധിപ്പിക്കുക വഴി ധനകാര്യ മേഖലയില്‍ കൂടുതല്‍ സിംഗപ്പൂര്‍ പൗരന്മാരെ തന്നെ നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് രാജ്യത്തെ സെന്‍ട്രല്‍ ബാങ്കായ മാസിനെ ഉദ്ധരിച്ച ചാനല്‍ ന്യൂസ് എഷ്യാ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ തൊഴിലുകള്‍ക്കായി എംപ്ലോയ്മെന്റ് പാസ് ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പളം സെപ്റ്റംബര്‍ ഒന്നുമുതല്‍ 500 സിംഗപ്പൂര്‍ ഡോളര്‍ വര്‍ധിപ്പിച്ച് 4500 ഡോളറായി വര്‍ധിപ്പിക്കുമെന്ന് മാനവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇത് ധനകാര്യമേഖലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ 500 ഡോളര്‍ വര്‍ധിപ്പച്ച് 5000 ഡോളറാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് സിംഗപ്പൂരില്‍ ഒരു പ്രത്യേക മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് കൂടിയ ശമ്പളം നിശ്ചയിക്കുന്നത്. ധനകാര്യ മേഖലയില്‍ എക്സ്പീരിയന്‍സുള്ളവരുടെ ശമ്പളം കൂടുതല്‍ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിസ പുതുക്കുമ്പോള്‍ 2021 മുതല്‍ ശമ്പള നിബന്ധന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തും. മറ്റു തൊഴില്‍ മേഖലകളെ അപേക്ഷിച്ച് ധനകാര്യമേഖലയില്‍ പൊതുവെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിവരുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള സിംഗപ്പൂര്‍ പൗരന്മാരെ ആകര്‍ഷിക്കുന്ന പ്രധാന മേഖലകളിലൊന്നാണിത്. ധനകാര്യ മേഖലയില്‍ മിനിമം ശമ്പളം ഉറപ്പുവരുത്തുന്നതിന് മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
നിലവിലുള്ള കോവിഡ് പ്രതിസന്ധിയിലും ധനകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടെ 1500 തസ്തികകളില്‍ നിയമനം നടന്നു. അഞ്ച് ജോലികളില്‍ നാലും സിംഗപ്പൂര്‍ പൗരന്മാര്ക്കുതന്നെയാണ് ലഭിക്കുന്നത്.