ചെന്നൈ-വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് വിവാദ തമിഴ് നടി മീര മിഥുന്‍. നിത്യാനന്ദയുടെ ശക്തി ദിനവും കൂടുകയയാണെന്നും അദ്ദേഹത്തിന്റ രാജ്യമായ കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും മീര ട്വീറ്റ് ചെയ്തു. എല്ലാവരും അദ്ദേഹത്തെ കളിയാക്കി, അപമാനിച്ചു, എല്ലാവരും കൂടി അദ്ദേഹത്തെ ഓടിച്ചു, മാധ്യമങ്ങള്‍ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കൈലാസം സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹം തോന്നുന്നു. ഒരുപാട് സ്‌നേഹം.' മീര ട്വീറ്റ് ചെയ്യുന്നു. നിത്യാനന്ദയുടെ വലിയ ആരാധികയാണ് മീര. ഇതിനു മുമ്പും നടി സമൂഹമാധ്യമങ്ങളിലൂടെ നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് എത്തിയിട്ടുണ്ട്.
പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്വഡോര്‍ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോര്‍ടുകളും പുറത്തുവന്നു. ഇന്റര്‍പോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
മിക്ക ദിവസങ്ങളിലും തന്റെ അനുയായികള്‍ക്കായി നിത്യാനന്ദ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫെയ്‌സ്ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങള്‍ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കിയിരുന്നു. കൈലാസത്തിലെ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' നിര്‍മിച്ച 'കൈലാസിയന്‍ ഡോളര്‍' ആണ് ശനിയാഴ്ച പുറത്തിറക്കിയത്.