ന്യുദല്‍ഹി- പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഇന്ത്യയില്‍ നിന്നും മുങ്ങിയ വിവാദ രത്‌നവ്യവസായി മെഹുല്‍ ചോക്്‌സി നെറ്റ്ഫ്‌ളിക്‌സ് ഡോക്യൂസീരിസെനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍. സെപ്തംബര്‍ രണ്ടിന് റിലീസ് ചെയ്യാനിരിക്കുന്ന 'ബാഡ് ബോയ് ബില്യനയര്‍' എന്ന ഡോക്യൂ പരമ്പരയില്‍ അഴിമതിയും വെട്ടിപ്പും നടത്തിയ ഇന്ത്യയിലെ കുപ്രസിദ്ധ ബിസിനസ് പ്രമുഖരുടെ ജീവിതമാണ് പറയുന്നത്. റിലീസിനു മുമ്പ് സീരീസ് തനിക്ക് കാണണമെന്ന് കോടതിയില്‍ മെഹുല്‍ ചോക്‌സി ആവശ്യപ്പെട്ടു. കരീബിയന്‍ മേഖലയിലെ ആന്റിഗ്വ എന്ന രാജ്യത്താണ് ചോക്‌സി ഒളിച്ചു കഴിയുന്നത്. ചോക്‌സിയെ കൂടാതെ ബന്ധുകൂടിയായ ഇന്ത്യ വിട്ട മറ്റൊരു തട്ടിപ്പു വ്യവസായി നീരവ് മോഡി, വിജയ് മല്യ എന്നിവരും ഈ പരമ്പരയില്‍ വരുന്നുണ്ട്.
റിലീസിനു മുമ്പ് പരമ്പര കാണാന്‍ അനുവദിച്ചാല്‍ മാത്രം മതിയെന്ന് ചോക്‌സിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നടന്നു വരുന്ന കേസുകളെ ഈ വെബ് സീരീസ് ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരമ്പരയില്‍ രണ്ടു മിനിറ്റ് മാത്രമാണ് ചോക്‌സിയെ കുറിച്ചു പറയുന്നതെന്ന് കോടതിയില്‍ നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. 13,500 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിമുങ്ങിയ കേസില്‍ പ്രതികളാണ് ചോക്‌സിയും നീരവ് മോഡിയും. ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് വിട്ടു കിട്ടാനുള്ള നടപടികളുമായി അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോകുകയാണ്.