കാബൂള്‍- അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ സംവിധായികയും പ്രമുഖ നടിയുമായ സബ സഹറിന് വെടിയേറ്റു. കാബൂളില്‍ കാറില്‍ ജോലിക്ക് പോകുമ്പോഴാണ് സഹറിന് വെടിയേറ്റത്. അക്രമികള്‍ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന സബയുടെ ഭര്‍ത്താവ് എമല്‍ സാകിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ നടിമാരില്‍ ഒരാളാണ് സബ. സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക കൂടിയാണ് അവര്‍. കാബൂളിന്റെ പടിഞ്ഞാറ് സബയുടെ താമസ്ഥലത്തിനു സമീപത്താണ് വെടിവയ്പ്പുണ്ടായത്. ഈ സമയം കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. സബയും ഒരു കുട്ടിയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും െ്രെഡവറുമായിരുന്നു കാറില്‍. വെടിവയ്പില്‍ കുട്ടിക്കും െ്രെഡവര്‍ക്കും പരിക്കേറ്റില്ല. സബ വീട്ടില്‍ നിന്ന് ഇറങ്ങി അഞ്ച് മിനിറ്റിനുശേഷം വെടിയൊച്ച കേട്ടതായി സാകി പറഞ്ഞു. സബയെ വിളിച്ചപ്പോള്‍ വയറ്റില്‍ വെടിയേറ്റതായി അറിയിച്ചു. ഉടന്‍ തന്നെ താന്‍ സംഭവസ്ഥലത്തെത്തി.എല്ലാവര്‍ക്കും പരിക്കേറ്റതായി മനസിലായി. പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. സബ സഹറിന്റെ വയറില്‍ ഓപ്പറേഷന്‍ വിജയകരമായി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്.