ന്യൂദൽഹി- കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ ആവർത്തിച്ചു. താൻ വിശ്വസിക്കുന്നതാണ് ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയാൽ അത് ആത്മാർത്ഥമല്ലായിരിക്കും. ഈ കോടതിയുടെ മുമ്പിലുള്ള, ഞാൻ സത്യമെന്ന് വിശ്വസിക്കുന്ന, ഒരു പ്രസ്താവന ഞാൻ പിൻവലിക്കുകയാണെങ്കിൽ, ആത്മാർത്ഥതയില്ലാത്ത ക്ഷമാപണം നടത്തുകയാണെങ്കിൽ, എന്റെ മനസാക്ഷിയെയും ഞാൻ ബഹുമാനിക്കുന്ന ജനാധിപത്യസ്ഥാപനത്തെയും അവഹേളിക്കുന്നതിനു തുല്യമായിരിക്കും. അതിനാൽ മാപ്പ് പറയുന്നില്ലെന്നും കോടതിക്ക് നൽകിയ കത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസുമാരായ ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. നേരത്തെ നടത്തിയ പ്രസ്താവന പിൻവലിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രശാന്ത് ഭൂഷൺ നിലപാട് ആവർത്തിച്ചത്. ട്വീറ്റിന്റെ പേരിൽ മാപ്പ് പറയില്ലെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവന പുനഃപരിശോധിക്കാൻ കോടതി മൂന്ന് ദിവസത്തെ സമയം വ്യാഴാഴ്ച്ച അനുവദിച്ചിരുന്നു.