കേന്ദ്ര വരുമാന വിഹിതം ഇനി മാസം തോറും നല്‍കില്ല; സംസ്ഥാനങ്ങള്‍ ആശങ്കയില്‍

ന്യൂദല്‍ഹി- നികുതികളില്‍ നിന്നും തീരുവകളില്‍ നിന്നുമുള്ള വരുമാനം മാസം തോറും സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം തൊട്ട് വരുമാന വിഹിത വിതരണം മൂന്നു മാസത്തിലൊരിക്കല്‍ ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടെ ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്.

നിലവിലെ സംവിധാനം അനുസരിച്ച് എല്ലാ മാസവും ആദ്യ ദിവസം തന്നെ കേന്ദ്ര നികുതികളുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഇവയില്‍ വലിയൊരു വിഹിതവും ഭരണ ചെലവുകള്‍ക്കും ശമ്പള, പെന്‍ഷന്‍ വിതണരത്തിനും വായ്പാ പലിശ അടവിനും ആണ് ഉപയോഗപ്പെടുത്തുന്നത്. ഈ രീതി മാറുന്നതോടെ എല്ലാ മാസം ആദ്യത്തിലും സംസ്ഥാനങ്ങള്‍ക്ക് വരുന്ന വലിയ സാമ്പത്തിക ബാധ്യത നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.

മാര്‍ച്ച് മാസം അവസാനം വരെ കേന്ദ്ര വിഹിതം എല്ലാ മാസവും 15ാം തീയതി മാത്രമെ ലഭിക്കൂവെന്ന് ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു. ഇതിനു ശേഷം ഈ വിഹിത വിതരണം മൂന്ന് മാസത്തിലൊരിക്കല്‍ മാത്രമാക്കി ചുരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എല്ലാ മാസവും സംസ്ഥാനങ്ങള്‍ക്ക് വിഹിതം വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് പലപ്പോഴും കടം വാങ്ങേണ്ടിവരുന്നുവെന്നാണ് ധനകാര്യമന്ത്രാലയം പറയുന്നത്.

Latest News