ഭോപ്പാല്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 28കാരനെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ പര്‍വേസ് ആലം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പര്‍വേസ് ആലമിനെതിരെ ജൂലൈ 12ന് സര്‍താജ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.
പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് ഗോല്‍പൂര്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്ര ഗൗതം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.