ക്വാലാലംപൂര്‍- ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പീഡനങ്ങളില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നും രക്ഷപ്പെടാന്‍ മുസ്ലിംകള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നും ഒറ്റ രാഷ്ട്രീയ പാര്‍ട്ടിയില്‍ അണിനിരക്കണമെന്നും വിവിധ കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈമാറി കിട്ടാന്‍ ശ്രമിക്കുന്ന ഇസ്്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്ക്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പലായനത്തിന് നിര്‍ബന്ധിതമായാല്‍ മറ്റു രാജ്യങ്ങളിലേക്കല്ല, ജനങ്ങള്‍ മതസൗഹാര്‍ദത്തോടെ കഴിയുന്ന കേരളമാണ് തെരഞ്ഞെടുക്കേണ്ടതെന്നും ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ സാക്കിര്‍ നായിക്ക് പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്റെ പീഡനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന ഒരാളുടെ ചോദ്യത്തോടാണ് കേസുകളെ തുടര്‍ന്ന് മലേഷ്യയില്‍ അഭയം തേടിയ സാക്കിര്‍ നായിക്കിന്റെ പ്രതികരണം.
വിവിധ വിഭാഗങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സാമൂഹിക സംഘടനകളിലുമായി വിഘടിച്ച് നില്‍ക്കുന്ന രാജ്യത്തെ മുസ്ലിംകള്‍ ഒന്നിക്കണമെന്നും തങ്ങള്‍ക്ക് വേണ്ടി മാത്രമായി പാര്‍ട്ടി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 250 മുതല്‍ 300 വരെ ദശലക്ഷം മുസ്ലിംകളുണ്ടെന്നും സര്‍ക്കാര്‍ ഈ സംഖ്യയെ മനഃപൂര്‍വം കുറച്ച് കാട്ടുകയാണെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.
ഫാസിസവും വര്‍ഗീയവാദവും പ്രോത്സാഹിപ്പിക്കാത്ത ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും മുസ്ലിംകള്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ദളിതരും മുസ്്‌ലിംകളും ഒന്നിക്കണമെന്നും പറഞ്ഞ സാക്കിര്‍ നായിക്ക് ഇന്ത്യയിലെ ദളിതുകള്‍ ഹിന്ദുക്കളല്ലെന്നും ആവര്‍ത്തിച്ചു.
ഹിജറ പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ മുസ്്‌ലിംകള്‍ സഹാനുഭൂതി വെച്ചുപുലര്‍ത്തുന്ന സംസ്ഥാനങ്ങളിലേക്കാണ് പോകേണ്ടതെന്നും കേരളമാണ് തന്റെ മനസ്സില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വര്‍ഗീയ മനഃസ്ഥിതി ഉള്ളവരല്ല. വിവിധ മതത്തില്‍ പെട്ടവര്‍ സഹോദര്യത്തോടെ ഒരുമിച്ച് കഴിയുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് സ്വാധീനമില്ലെന്നും സാക്കിര്‍ നായിക്ക് പറഞ്ഞു.