ന്യൂദല്‍ഹി- കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവിട്ടത് 1,264 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖ. തെരഞ്ഞെടുപ്പിനു ശേഷം ബാങ്കുകളില്‍ 3,515 കോടിയും കൈവശം 46 കോടിയുമടക്കം 3,562 കോടി രൂപ ബാക്കിയായതായും കണക്കുകള്‍ പറയുന്നു.
പൊതുപ്രചാരണത്തിന് 1,078 കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത് 186 കോടി രൂപ. പൊതുപ്രചാരണ ചെലവില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയ 657 കോടി രൂപയും ഉള്‍പ്പെടും. തെരഞ്ഞെടുപ്പ് നിരീക്ഷണം, സര്‍വേ, കോള്‍ സെന്ററുകള്‍ എന്നീ ഇനങ്ങളില്‍ 212 കോടി രൂപ ചെലവിട്ടു.
ഗുജറാത്തില്‍ 100.33 കോടി രൂപയാണ് കേന്ദ്രഘടകം വിനിയോഗിച്ചത്. 42 സീറ്റുള്ള പശ്ചിമ ബംഗാളില്‍ 65 കോടി നല്‍കി. 80 സീറ്റുള്ള ഉത്തര്‍പ്രദേശിന് നല്‍കിയത് 35.5 കോടിയും. കേരളഘടകത്തിന് 24.53 കോടി നല്‍കി. ആന്ധ്രപ്രദേശില്‍ 53.8 കോടിയും രാജസ്ഥാനില്‍ 24.5 കോടിയും ചെലവിട്ടു. ബിഹാറില്‍ 12.25 കോടിയും ഉത്തരാഖണ്ഡില്‍ 17 കോടിയും വിതരണം ചെയ്തു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലാണ് താരതമ്യേന കൂടുതല്‍ തുക വിതരണം ചെയ്തത്.
325 കോടി രൂപ മാധ്യമങ്ങള്‍ വഴി പരസ്യവും പ്രചാരണവും നടത്താന്‍ വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി കേന്ദ്ര ആസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. താരപ്രചാരകരുടെ പ്രത്യേക വിമാന, ഹെലികോപ്ടര്‍ യാത്രകള്‍ക്ക് 175 കോടിയും ചെലവിട്ടു. രാജ്യവ്യാപകമായി കൊടിതോരണങ്ങള്‍, തൊപ്പി, ബാഡ്ജ്, ലഘുലേഖകള്‍ എന്നിവ തയ്യാറാക്കാന്‍ 25 കോടിയും പൊതുയോഗങ്ങള്‍ക്ക് 15 കോടിയും വിനിയോഗിച്ചു.