ന്യൂദല്‍ഹി- സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നവര്‍ മതകാര്യങ്ങളില്‍ മാത്രം കോവിഡിന്റെ പേരില്‍ എന്തിനു തസ്സം സൃഷ്ടിക്കുന്നുവെന്ന് സുപ്രീം കോടതി. പണം ഉള്‍പ്പെട്ടതാണെങ്കില്‍ വെല്ലുവിളികള്‍ നേരിടാന്‍ തയാറുകന്നുവര്‍ മതകാര്യമാകുമ്പോള്‍ കോവിഡിന്റെ പേരു പറയുന്നന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുമെങ്കില്‍ ആരാധനാലയങ്ങളില്‍ സമൂഹ പ്രാര്‍ഥനകള്‍ അനുവദിക്കാമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ ആളുകളെ നിയന്ത്രിച്ചതിന് ജഗന്നനാഥ ഭഗവാന്‍ മാപ്പ് നല്‍കിയിട്ടുണ്ടെന്നും ഇനിയും മാപ്പ് നല്‍കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ പറഞ്ഞു. മുംബൈയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്ന് ജൈനക്ഷേത്രങ്ങളില്‍ മാത്രം പ്രാര്‍ഥന അനുവദിച്ചുകൊണ്ട് ഉത്തരവ് പ്രഖ്യാപിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന പര്യൂഷണ്‍ ഉത്സവത്തിന്റെ ഭാഗമായി ദാദര്‍, ബൈക്കുള, ചെമ്പൂര്‍ എന്നിവിടങ്ങളിലെ ജൈന ക്ഷേത്രങ്ങളില്‍ മാത്രമാണ് പ്രാര്‍ഥന അനുവദിച്ചത്. മാസ്‌ക് , സാമൂഹിക അകലം തുടങ്ങിയ കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മതസമ്മേളനങ്ങള്‍ക്ക് ഇപ്പോഴും നിരോധമുണ്ട്. മൂന്ന് ക്ഷേത്രങ്ങളില്‍ താല്‍ക്കാലികമായാണ് വ്യക്തികള്‍ക്ക് പ്രാര്‍ഥന അനുവദിക്കുന്നത്. മറ്റ് ആരാധനാലയങ്ങളിലും സമൂഹ പ്രാര്‍ഥനകള്‍ അനുവദിച്ചുവെന്നതിന് ഈ ഉത്തരവ് ചൂണ്ടിക്കാണിക്കരുത്. മുംബൈയില്‍തന്നെ സുപ്രസിദ്ധമായ ഗണപതി ഉത്സവത്തിന് അനുമതി നല്‍കിയിരുന്നില്ല. ഒരോ കേസും പരിഗണിച്ച് സംസ്ഥാന ദുരുന്ത നിവാരണ അതോറിറ്റിയാണ് അനുമതി നല്‍കേണ്ടത്. ഇപ്പോള്‍ നല്‍കുന്ന താല്‍ക്കാലിക അനുമതി, മറ്റു മതസമ്മേളനങ്ങള്‍ക്ക് ബാധകമാക്കാനാവില്ല-സുപ്രീം കോടതി വ്യക്തമാക്കി.
പര്യൂഷണ്‍ ഉത്സവകാലത്ത് ജൈനക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീ പരശ്വതിലക് ശേത്വാംബര്‍ ജെയിന്‍ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ജൈന ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പന്ധാര്‍പുര്‍ വാരി അടക്കമുള്ള ഉത്സവങ്ങളും നേരത്തെ സംസ്ഥാനം റദ്ദാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ ഡോ.അഭിഷേക് മനു സിംഗ് വി പറഞ്ഞു.
കോവിഡ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഉറപ്പു നല്‍കി സത്യവാങ്മൂലം ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുകൂടെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഒഡീഷയിലെ രഥയാത്രയുമായി ബന്ധപ്പെട്ട് ഇതേ നിലപാടാണ് കൈക്കൊണ്ടത്. ജനങ്ങള്‍ തടിച്ചുകൂടില്ലെന്നും സാമൂഹിക അകലം പാലിക്കുമെന്നും ഉറപ്പു ലഭിച്ചതിനാലാണ് രഥയാത്ര അനുവദിച്ചത്. ഇതിന്റെ പേരില്‍ ജഗന്നാഥ ഭഗവാന്‍ ഞങ്ങളോട് ക്ഷമിച്ചിട്ടുണ്ടെന്നും ഇനിയും മാപ്പു നല്‍കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും പരിമിത തോതില്‍ മാത്രം ജനങ്ങളെ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചുമാണ് ജൂണില്‍ സുപ്രീം കോടതി രഥയാത്ര അനുവദിച്ചിരുന്നത്. ആരാധനാലയങ്ങളില്‍ ജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ സമൂഹ പ്രാര്‍ഥനകള്‍ എന്തുകൊണ്ട് അനുവദിച്ചുകൂടെന്നാണ് സുപ്രീം കോടതി വീണ്ടും ചോദിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഒരു സയമത്ത് അഞ്ച് പേരെ മാത്രം അനുവദിക്കാമെങ്കില്‍ അത് എല്ലാ ആരാധനലായങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.