ന്യൂദൽഹി- ഇന്ത്യ ഇപ്പോൾ ഗാന്ധിയുടെ ഇന്ത്യയല്ലെന്ന് നാഷണൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി നന്നായി കള്ളം പറയുന്നയാളാണെന്നും ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല ജയിൽ മോചിതനായി നൽകിയ ആദ്യഅഭിമുഖത്തിലാണ് മോഡിക്കെതിരെ രൂക്ഷപരാമർശം നടത്തിയത്.
ഈ സർക്കാറിനെ ആരും വിശ്വസിക്കില്ല. ഇവർ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നുവെന്ന് പ്രഖ്യാപിച്ചതിന്റെ തലേദിവസം താൻ മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിൽ എന്തിനാണ് ഇത്രയേറെ സൈനികരെ വിന്യസിക്കുന്നത് എന്ന് ചോദിച്ചു. എന്തുകൊണ്ട് അമർനാഥ് യാത്ര റദ്ദാക്കുന്നത് എന്ന് ചോദിച്ചു. ടൂറിസ്റ്റുകളെ ധൃതിപിടിച്ച് പുറത്താക്കുന്നത് എന്തിനാണെന്നും ചോദിച്ചു. പാക്കിസ്ഥാനാണോ ഇതിന് കാരണമെന്നും ചോദിച്ചു. പക്ഷെ ഒന്നിനും മോഡി മറുപടി പറഞ്ഞില്ലെന്നും ഫാറൂഖ് അബ്ദുല്ല ആരോപിച്ചു.