ന്യൂദല്‍ഹി- കടുത്ത നേതൃത്വ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വൈകാതെ യോഗം ചേരും. ഈ മാസം ഒടുവിലോ അല്ലെങ്കില്‍ പാര്‍ലമെന്റിന്റെ വര്‍ഷക്കാല സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായോ യോഗം ചേരുമെന്നാണ് റിപോര്‍ട്ട്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങളും നേതൃത്വ പ്രതിസന്ധിയുമായിരിക്കും ചര്‍ച്ച ചെയ്യപ്പെട്ടേക്കും. ഞായറാഴ്ച യോഗം ചേര്‍ന്നേക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. അതേസമയം മുതിര്‍ന്ന നേതാക്കളാരും ഇതു സ്ഥിരീകരിച്ചിട്ടില്ല. യോഗത്തിന്റെ അജണ്ട സംബന്ധിച്ച് വ്യക്തയില്ലെങ്കിലും പാര്‍ലമെന്റ് സമ്മേളനമായിരിക്കും പ്രധാന വിഷയങ്ങളിലൊന്ന്. മുന്‍ യോഗങ്ങളിലുണ്ടായ നേതൃത്വ പ്രതിസന്ധി ചര്‍ച്ചയുടെ അലയൊലികള്‍ ഈ യോഗത്തിലും ഉണ്ടായേക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി വെച്ചതിനു ശേഷം താല്‍ക്കാലികമായി പദവി ഏറ്റെടുത്ത സോണിയാ ഗാന്ധിയുടെ കാലാവധി ഓഗസ്റ്റ് 15ന് അവസാനിച്ചിരുന്നു. ഇതിനിടയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനുള്ള കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. ഇതില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ഷമുണ്ട്. രാഹുല്‍ ഗാന്ധി വീണ്ടും തിരിച്ചെത്തണെന്നാണ് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്. എന്നാല്‍ പദവി വിട്ട രാഹുലിന്റെ ഇതു സംബന്ധിച്ച നിലപാടില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല.
വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമാണെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി ഒറ്റയ്ക്കു മോഡി സര്‍ക്കാരിനെതിരെ പൊരുതി പ്രതിപക്ഷ ദൗത്യം നിര്‍വഹിക്കുകയാണെന്നു വിലയിരുത്തുന്നവരും ഉണ്ട്. ലഡാക്കിലെ ചൈനീസ് കടന്നു കയറ്റം, കോവിഡ് 19 കൈകാര്യം ചെയ്യല്‍ എന്നീ വിഷയങ്ങളില്‍ രാഹുല്‍ നിരന്തരം സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതും രാജസ്ഥാനില്‍ തകര്‍ച്ചയുടെ വക്കിലെത്തിയതുമെല്ലാം കരുത്തുറ്റ ദേശീയ നേതൃത്വത്തിന്റെ അഭാവവും പാര്‍ട്ടിക്കുള്ളിലെ കലഹങ്ങളുമാണ് വ്യക്തമാക്കിയത്. ഈയിടെ മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തുണയ്ക്കുന്നവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2014ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ചയക്കു കാരണം അന്നത്തെ മന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളാണെന്ന് രാഹുലിനെ പിന്തുണയ്ക്കുന്ന വിഭാഗം പരസ്യമായി തുറന്നടിച്ചിരുന്നു.
ഇതൊരു ഭാഗത്തു നടക്കുമ്പോഴും പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ തന്റെ നിലപാടുകളും നയപരിപാടികളുമായി മുന്നോട്ടു പോകുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടി രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന വിശ്വസിക്കുന്നവരും അണികള്‍ക്കിടയില്‍ ഉണ്ട്.
രാഹുലിന് അനൂകൂലമായ ഒരു സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. അതേസമയം ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള ഒരാല്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ വരണമെന്ന പ്രചാരണവും ഒരു ഭാഗത്തു നടക്കുന്നുണ്ട്. ബിജെപി നടത്തുന്ന കോണ്‍ഗ്രസ് വിരുദ്ധ പ്രചാരണത്തിന്റെ ചുവടു പിടിച്ചാണിത്. രാഹുലിനെതിരെ വീണ്ടും ബിജെപി പരിഹാസങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.