ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. രാജ്യത്തെ യുവജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ ഇന്ത്യയ്ക്ക് ഒരിക്കലും കഴിയില്ലെന്നും അടുത്ത ആറേഴ് മാസങ്ങള്‍ക്കകം തൊഴില്‍ പ്രതിസന്ധി രൂക്ഷമാകാനിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പു നല്‍കി. 'മാസങ്ങള്‍ക്ക് മുമ്പ് വരാനിരിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധിയെ കുറിച്ച് രാജ്യത്തിനു മുന്നറിയിപ്പു നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ പരഹസിക്കുകയാണ് ചെയ്തത്. എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കേണ്ട. നമ്മുടെ രാജ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നാണ് എനിക്കിന്ന് പറയാനുള്ളത്. ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ അടുത്ത ആറേഴ് മാസം കാത്തിരിക്കുക,' രാഹുല്‍ പറഞ്ഞു.
70 വര്‍ഷത്തിനിടെ ഒരിക്കലും സംഭവിക്കാത്ത ഒരു പ്രതിസന്ധിയാണ് വരാനിരിക്കുന്നത്. യുവജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ രാജ്യത്തിലാകില്ലെന്ന് വ്യക്തമാണ്. കാരണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അസംഘടിത മേഖലയെ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖലയിലാണ്. ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍ എന്നിവരാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. പ്രധാനമന്ത്രി മോഡി ഈ സംവിധാനത്തെ തകര്‍ത്തിരിക്കുകയാണ്. കമ്പനികള്‍ ഒന്നൊന്നായി പൊളിയുന്നത് നിങ്ങള്‍ക്കു കാണാം. മൊറട്ടോറിയം കാലാവധി കഴിയുന്നതോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ തകരും- രാഹുല്‍ പറഞ്ഞു.