ലോകമെമ്പാടും ഇൻസ്റ്റഗ്രാം ആപിൽ ക്യുആർ കോഡ് പുറത്തിറക്കി. നിങ്ങൾ നിർമിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്ന ആർക്കും നിങ്ങളുടെ പ്രൊഫൈലിൽ എത്താനുള്ള സൗകര്യമാണ് ഇതുകൊണ്ട് സാധ്യമാകുന്നത്. ഇൻസ്റ്റഗ്രാം ക്യാമറയിൽ മാത്രമല്ല, ഏത് ക്യുആർ സ്‌കാനറിലും ക്യാമറയിലും ഇതു പ്രവർത്തിക്കും.
ബിസിനസുകാർക്ക് കൂടുതൽ പ്രയോജനം ചെയ്യുന്ന നീക്കമാണിത്. ബിസിനസുകാർക്ക് തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലേക്ക് ഉപയോക്താക്കളെ വേഗത്തിൽ എത്തിക്കുന്നതിന് സ്‌കാൻ ചെയ്യാവുന്ന കോഡുകൾ ഉൽപന്നങ്ങളുടെ പായ്ക്കറ്റുകളിൽ ചേർത്താൽമതി. പടിഞ്ഞാറൻ രാജ്യങ്ങളിൽ ക്യുആർ കോഡ് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷം ജപ്പാനിലാണ് ഇൻസ്റ്റഗ്രാം ആദ്യമായി ഈ ഫീച്ചർ അവതരിപ്പിച്ചത്.
ഇൻസ്റ്റഗ്രാം അതിന്റെ പഴയ പ്രൊപ്രൈറ്ററി കോഡ് സ്‌കാനിംഗ് സംവിധാനമായ നെയിം ടാഗുകൾ മാറ്റി ഇതോടെ യഥാർത്ഥ ക്യുആർ സ്റ്റാൻഡേർഡ് കോഡുകൾതന്നെ ഉപയോഗിച്ച് തുടങ്ങുകയാണ്.
ഫേസ്ബുക്ക്, സ്‌പോട്ടിഫൈ പോലുള്ള മറ്റ് ആപ്ലിക്കേഷനുകൾക്ക് അവരുടേതായ പ്രൊപ്രൈറ്ററി കോഡ് സ്‌കാനിംഗ് സംവിധാനമുണ്ടെങ്കിലും ട്വിറ്റർ യഥാർത്ഥ ക്യുആർ കോഡുകളാണ് ഉപയോഗിക്കുന്നത്.
സെർച്ച് ഫീൽഡിനുള്ളിൽ തെരഞ്ഞ് ഒരു പേജ് ഹാൻഡിൽ കണ്ടുപിടിക്കുന്നതിനേക്കാൾ എളുപ്പമാണ് ക്യുആർ കോഡിന്റെ ഉപയോഗം. ക്യുആർ കോഡ് സ്‌കാൻ ചെയ്താണ് പ്രവേശിക്കുന്നതെങ്കിൽ യഥാർഥ പേജ് തന്നെയാണ് ഫോളോ ചെയ്യുന്നതെന്ന് ഉറപ്പാക്കാനും കഴിയും. അക്ഷരങ്ങളുടേയും മറ്റും വ്യത്യാസത്തിൽ സമാനമായ ധാരാളം പേജുകളുണ്ട്.
കോവിഡ് പകർച്ചവ്യാധി ലോകത്ത് വലിയ ഭീഷണിയായി തുടരുന്നതിനാൽ പൊതുസ്ഥലങ്ങളിൽ ക്യുആർ കോഡാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്.
പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പലരും പങ്കുവെച്ചവ സ്പർശിക്കുന്നത് ഒഴിവാക്കാനും റെസ്‌റ്റോറന്റ് മെനുകൾ അടക്കമുള്ളവ കാണുന്നതിനും ക്യുആർ കോഡുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.