ന്യൂദല്‍ഹി- ഇന്ത്യയില്‍ ഫേസ്ബുക്ക് മുസ്ലിം വിരുദ്ധതയും വിദ്വേഷ പ്രചരണവും പ്രോത്സാഹിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഫേസ്ബുക്ക് ജീവനക്കാര്‍ രംഗത്ത്. ഉള്ളടക്കം പരിശോധിക്കുന്നതു സംബന്ധിച്ച കമ്പനിയുടെ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതു സംബന്ധിച്ചാണ് ഫേസ്ബുക്ക് ജീവനക്കാര്‍ കമ്പനി നേതൃത്വത്തോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ബിജെപിക്ക് അനുകൂലമായ തരത്തില്‍ ബിജെപി നേതാക്കളുടേതടക്കമുള്ള വര്‍ഗീയ, വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതിരിക്കാന്‍ ഇടപെടല്‍ നടത്തിയ ഉന്നത ഉദ്യോഗസ്ഥ അംഘി ദാസിനേയും കമ്പനിയേയും ചോദ്യം ചെയ്താണ് ഫേസ്ബുക്ക് ജീവനക്കാര്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്. ഈ വിഷയങ്ങള്‍ ഉന്നയിച്ച് ഫേസ്ബുക്കിന്റെ 11 ജീവനക്കാര്‍ കമ്പനി നേതൃത്വത്തിന് തുറന്ന കത്തെഴുതിയിരിക്കുകയാണ്. കമ്പനിക്കുള്ളില്‍ മാത്രമാണ് ഈ വിഷയം ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോര്‍ട്ട് പറയുന്നു.
ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചരണം തടയല്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ പബ്ലിക് പോളിസി ഡയറക്ടറായ അംഘി ദാസ് നിര്‍ദേശം നല്‍കിയെന്ന ജീവനക്കാരുടെ തന്നെ വെളിപ്പെടുത്തലുമായി അമേരിക്കന്‍ പത്രം വോള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തു വിട്ടതോടെ കമ്പനിയുടം അംഘി ദാസും പ്രതിരോധത്തിലായിരിക്കുകയാണ്.
ഇന്ത്യയിലേയും മറ്റിടങ്ങളിലേയും കമ്പനിയുടെ പോളിസി കൈകാര്യം ചെയ്യുന്ന ടീമില്‍ വൈവിധ്യ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് കത്തില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നു. വാര്‍ത്തകളിലൂടെ പുറത്തു വന്ന കാര്യങ്ങളില്‍ ദുഖവും അമര്‍ഷവുമുണ്ട്. ഞങ്ങള്‍ മാത്രമല്ല, കമ്പനിയിലെ പലയിടത്തുമുള്ള ജീവനക്കാര്‍ക്ക് ഇതേവികാരമാണ് പ്രകടിപ്പിക്കുന്നത്- കത്തില്‍ ജീവനക്കാര്‍ പറയുന്നു. ഫേസ്ബുക്കിലെ മുസ്ലിംകള് കമ്പനി നേതൃത്വത്തില്‍ നിന്നും മറുപടി ആഗ്രഹിക്കുന്നുണ്ടെന്നും കത്തിലുണ്ട്.
ഉള്ളടക്കം നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഫേസ്ബുക്കിനുള്ളില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും സര്‍ക്കാരുകളും കണ്ടന്റ് പോളിസി ടീമും തമ്മില്‍ കര്‍ശനമായ വേര്‍ത്തിരിവ് ഉണ്ടായിരിക്കണമെന്ന ആവശ്യവും ഫേസ്ബുക്ക്് ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്നതായും റിപോര്‍ട്ടുണ്ട്.