Sorry, you need to enable JavaScript to visit this website.

പശുവിന്റെ പേരിൽ വീണ്ടും അഴിഞ്ഞാട്ടം;  അഞ്ച് പേരെ തല്ലിച്ചതച്ചു

ആസാദ് ആശുപത്രിയിൽ.

 

  • മർദനമേറ്റവർക്കെതിരായ കേസ് പോത്തിറച്ചിയാണെന്ന് സ്ഥിരീകരിച്ചതോടെ പിൻവലിച്ചു
  •  ജയ് ഹനുമാനെന്നും ജയ് ഗോമാതായെന്നും വിളിക്കാൻ കൽപിച്ചു


ഫരീദാബാദ്- ഇടവേളക്കു ശേഷം വീണ്ടും പശു മാംസത്തിന്റെ പേരിൽ  ആക്രമണം. ദേശീയ തലസ്ഥാനമായ ദൽഹിയുടെ പ്രാന്തപ്രദേശമായ ഫരീദാബാദിൽ അഞ്ച് പേരെ ആൾക്കൂട്ടം തല്ലിച്ചതച്ചു. ഗോ മാംസം വിതരണത്തിനു കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാംസം കൊണ്ടുപോയിരുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവർ ആസാദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഫരീദാബാദിലെ ഒരു ഷോപ്പിൽ നൽകുന്നതിനാണ് ഓട്ടോ റിക്ഷയിൽ പോത്തിറച്ചി കൊണ്ടുപോയിരുന്നത്. മാംസ വിതരണക്കാരന്റെ ജീവനക്കാരനായ സോനു എന്നയാളും ഓട്ടോയിലുണ്ടായിരുന്നു. കാറിലെത്തിയ ആറു പേരാണ് ഗോമാംസം കടത്തുന്നുവെന്നാരോപിച്ച് ഓട്ടോ തടഞ്ഞത്. സംഘം ഡ്രൈവറെയും സഹായിയെയും അൽപം അകലെയുള്ള ബസാദി ഗ്രാമത്തിലേക്കു കൊണ്ടുപോയി. പശുവിറച്ചിയല്ലെന്നും പോലീസ് സ്‌റ്റേഷനിലേക്ക് പോകാമെന്നും ആവർത്തിച്ചു പറഞ്ഞിട്ടും അക്രമികൾ കേട്ടില്ലെന്ന് ആസാദ് ആശുപത്രിയിൽ വെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗ്രാമത്തിലെത്തിയതോടെ നാൽപതോളം പേർ തല്ല് തുടങ്ങി. ഒരു ഘട്ടത്തിൽ ആസാദ് വീട്ടിലേക്ക് വിളിച്ചതോടെ സ്ഥലത്തെത്തിയ സഹോദരനെയും മറ്റും ബന്ധുക്കളെയും ആൾക്കൂട്ടം വെറുതെ വിട്ടില്ല. അവരെയും പൊതിരെ തല്ലി. ആസാദ് അബോധവസ്ഥയിലായതിനു ശേഷമാണ് സംഘം മർദനം നിർത്തിയത്. 
അക്രമികൾ തന്നോട് ജയ് ഹനുമാനെന്നും ജയ് ഗോമാതായെന്നും വിളിക്കാൻ ആവശ്യപ്പെട്ടുവെന്നും വിളിച്ചില്ലെങ്കിൽ പന്നിയിറച്ചി തീറ്റിക്കുമെന്നും പറഞ്ഞതായി ആസാദ് വെളിപ്പെടുത്തി. 
പശുക്കടത്തിനെതിരെ ഹരിയാനയിൽ നിലവിലുള്ള നിയമപ്രകാരം ആസാദിനെതിരെയും കേസെടുത്തിരുന്നുവെങ്കിലും വൈകിട്ട് പിൻവലിച്ചു. ഇവർ കൊണ്ടുപോയിരുന്നത് പശു മാംസമല്ലെന്നും പോത്തിറച്ചിയാണെന്നും സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേസ് പിൻവലിച്ചതെന്ന് പോലീസ് പറഞ്ഞു. 
പശുവിറച്ചിയുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി ഒരു മാസം തികയുമ്പോഴാണ് പുതിയ ആക്രമണം. ക്രിമിനലുകളായ ഗോരക്ഷകരെയും യഥാർഥ ഗോരക്ഷകരെയും വേറിട്ടു കാണണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. 

 

 

Tags

Latest News