ന്യൂദല്‍ഹി-ചൈനയുടെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാനായി പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തേജസ് വിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച വിമാനങ്ങളാണ് തേജസ്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് വികസിപ്പിച്ചത്.സതേണ്‍ എയര്‍ കമാന്‍ഡിനു കീഴില്‍ സുലീറില്‍ ഉള്ള ആദ്യ എല്‍സിഎ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് സ്‌ക്വാഡ്രണ്‍ ആണ് വിന്യസിച്ചിരിക്കുന്നതെന്നു വ്യോമസേന വൃത്തങ്ങള്‍ പറഞ്ഞു. ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404കച എന്‍ജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്.നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഇതു റെക്കോര്‍ഡാണ്. തേജസിന്റെ എന്‍ജിനും കോക്പിറ്റും ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്‌നിക്കല്‍ സ്റ്റാഫിന് മാറ്റി വയ്ക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്.