Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ ആമിര്‍ ഖാന്‍-എമിനെ ഉര്‍ദുഗാന്‍ കൂടിക്കാഴ്ച; ചിത്രങ്ങള്‍ വൈറല്‍, ട്വിറ്ററില്‍ മുറുമുറുപ്പ്

മുംബൈ- പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി തുര്‍ക്കിയിലെത്തിയ ബോളിവൂഡ് താരം ആമിര്‍ ഖാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്റെ ഭാര്യയും പ്രഥമവനിതയുമായ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വാതന്ത്ര്യ ദിനത്തില്‍ എമിനെ ഉര്‍ദുഗാനാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വിറ്ററില്‍ പലര്‍ക്കും ഇതത്ര പിടിച്ചിട്ടില്ല. പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുവാന്‍ നടത്തിയ കശ്മീര്‍ പരാമര്‍ശമാണ് കാരണം. ലാല്‍ സിങ് ഛദ്ദ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനാണ് ആമിര്‍ തുര്‍ക്കിയിലെത്തിയത്. ലോക പ്രശസ്തനായ ഇന്ത്യന്‍ നടന്‍ എന്നാണ് ട്വീറ്റില്‍ എമിനെ ഉര്‍ദുഗാന്‍ ആമിറിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ സിനിമ കാണാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നേരത്തെ തുര്‍ക്കിയില്‍ വന്നിറങ്ങിയ ആമിറിനെ ആരാധകര്‍ കൂട്ടമായെത്തി പൊതിയുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ലോക്ഡൗണ്‍ കാരണം ഇന്ത്യയില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവെച്ചതിനാലാണ് വിദേശ ലൊക്കേഷനുകളിലേക്ക് ഷൂട്ടിങ് മാറ്റിയത്. അക്ഷയ് കുമാറിന്റെ ബെല്‍ ബോട്ടം എന്ന സിനിമയ്ക്കു ശേഷം കോവിഡ് കാലത്ത് വിദേശക്ക് ഷൂട്ട് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ആമിറന്റെ ലാല്‍ സിങ് ഛദ്ദ. ടോം ഹന്‍ക്‌സിന്റെ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ഈ ബോളിവൂഡ് ചിത്രം. കരീന് കപൂര്‍ ആണു നായിക. 2021 ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Latest News