ചെന്നൈ- അമ്മയുടെ ഇഡലി, മുത്തച്ഛനോടൊത്തുള്ള ചെന്നൈ തെരുവോരങ്ങളിലെ നടത്തം…. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയെക്കുറിച്ച നല്ലോര്മകള് പങ്കുവച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. 'സൗത്ത് ഏഷ്യന്‍സ് ഫോര്‍ ബൈഡന്' എന്ന തെരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ കമല ഹാരിസ്. ഇന്ത്യക്കാര്‍ക്ക് കമല ഹാരിസ് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. തന്നിലും സഹോദരി മായയിലും ഇഡലിയോട് ഇഷ്ടം വളര്‍ത്താന്‍ അമ്മ ശ്രമിച്ചിരുന്നുവെന്ന് ഓര്‍ത്തെടുത്തു.
മുത്തച്ഛനോടൊപ്പമുള്ള ചെന്നൈയിലെ നടത്തത്തിന്റെ നനവൂറുന്ന ഓര്‍മകളും അവര്‍ പങ്കുവെച്ചു.19ാം വയസ്സില്‍ ലോസ് ഏഞ്ചസില്‍ വിമാനം ഇറങ്ങിയ അമ്മ ശ്യാമള ഗോപാലന്റെ കൈയില്‍ കൂടുതലൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ മാതാപിതാക്കളില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. കാന്‍സര്‍ ഗവേഷകയും ആക്ടിവിസ്റ്റുമായിരുന്നു. അമ്മ തന്നെയും സഹോദരിയെയും വേരുകള്‍ തിരിച്ചറിയാനായി ഇന്ത്യയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും കമല പറഞ്ഞു.അന്ന് മദ്രാസ് ആയിരുന്നു അവിടം. അപ്പൂപ്പന് നടക്കാന്‍ കൂടെ കൊണ്ടുപോകുമ്പോള്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകള്‍ പറഞ്ഞുതന്നിരുന്നു. മുത്തച്ഛന് പി വി ഗോപാലനില്‍ നിന്ന് പഠിച്ച പാഠങ്ങളാണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും കമല കൂട്ടിച്ചേര്‍ത്തു.