വാഷിങ്ടണ്‍-ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ട്രംപ് സൂചന നല്കി. ടെക് ഭീമനായ ആലിബാബ, ഇ-കൊമേഴ്സ്, റീട്ടെയില്‍, ഇന്റര്‍നെറ്റ് മേഖലകളിലാണ് കൂടുതലും ഊന്നല്‍ നല്‍കിയിരുന്നത്.
ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെയും വീചാറ്റിന്റെയും ഉടമകളായ ബൈറ്റ്ഡാന്‍സുമായുള്ള എല്ലാതരം ഇടപാടുകളും നിര്‍ത്താന്‍ കഴിഞ്ഞയാഴ്ച ട്രംപ് ഉത്തരവിറക്കിയിരുന്നു. യുഎസില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബൈറ്റ്ഡാന്‍സിന് 90 ദിവസത്തെ സമയം നല്കി എക്സിക്യുട്ടീവ് ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു. യുഎസിലെ ടിക് ടോക് ഉപയോക്താക്കളില്‍നിന്നു ലഭിച്ച ഡേറ്റ കൈവശമുണ്ടെങ്കില്‍ ഒഴിവാക്കാനും ബൈറ്റ്ഡാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് ഭരണകൂടത്തിനു ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിനിടെ, ടിക്ടോക്കിന്റെ എതിരാളിയായ ട്രില്ലറില്‍ ട്രംപിന് വെരിഫൈഡ് അക്കൗണ്ട് ലഭിച്ചു. ടിക്ടോക്കിനോടുള്ള വൈറ്റ് ഹൗസിന്റെ അസംതൃപ്തിയുടെ ലക്ഷണമായാണ് ട്രംപിന്റെ ട്രില്ലര്‍ അക്കൗണ്ടിനെ കണക്കാക്കുന്നത്.