Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കും വാട്‌സാപ്പും ബിജെപി, ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- വിദ്വേഷപരവും വര്‍ഗീയവുമായ പോസ്റ്റുകള്‍ ബിജെപിക്കു വേണ്ടി ഫേസ്ബുക്ക് അനുവദിച്ചു കൊടുക്കുകയാണെന്ന അമേരിക്കന്‍ പത്രത്തിന്റെ റിപോര്‍ട്ടിന്റെ പേരില്‍ ബിജെപി-കോണ്‍ഗ്രസ് പോര്. ഇന്ത്യയില്‍ ബിജെപിയും ആര്‍എസ്എസുമാണ് ഫേസ്ബുക്കിനേയും വാട്‌സാപ്പിനേയും നിയന്ത്രിക്കുന്നതെന്നും അവര്‍ ഇതുവഴി വിദ്വേഷവും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗപ്പെടുത്തുകയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനമുന്നയിച്ചു. അമേരിക്കന്‍ മാധ്യമം ഇപ്പോള്‍ സത്യം പുറത്തു കൊണ്ടു വന്നിരിക്കുകയാണെന്നും ്അദ്ദേഹം ട്വീറ്റ് ചെയ്തു. ഭരണ കക്ഷിയായ ബിജെപിയെ പിണക്കാതിരിക്കാന്‍ വേണ്ടി അവരുടെ നേതാക്കളുടെ വിദ്വേഷപരവും വര്‍ഗീയവുമായി പോസ്റ്റുകള്‍ ഫേസ്ബുക്ക് ചട്ടം അനുസരിച്ച് നീക്കം ചെയ്യാതിരിക്കുകയാണെന്നും ഫേസ്ബുക്ക് ഇന്ത്യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് സ്റ്റാഫിന് ഈ നിര്‍ദേശം നല്‍കിയതെന്നും പ്രമുഖ യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

റിപോര്‍ട്ടില്‍ സൂചിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഐടി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് ഫേസ്ബുക്കിന്റെ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് സമിതി അധ്യക്ഷനായ ശശി തരൂര്‍ എംപിയും പ്രതികരിച്ചു.

Also Read I 'ബിജെപിയെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് മുസ്‌ലിം വിരുദ്ധ വിദ്വേഷ പോസ്റ്റുകള്‍ തടഞ്ഞില്ല'

കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി നേതാവും കേന്ദ്ര കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. മൂന്ന് വര്‍ഷം മുമ്പത്തെ കാംബ്രിജ് അനലിറ്റിക്ക സംഭവം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വന്തം പാര്‍ട്ടിക്കാരെ പോലും സ്വാധീനിക്കാന്‍ കഴിയാത്ത പരാജിതര്‍ ലോകം മൊത്തം ബിജെപിയുടേയും ആര്‍എസ്എസിന്റേ നിയന്ത്രണത്തിലാണെന്ന്് പറയുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഡാറ്റയെ ആയുധമാക്കാന്‍ ഫേസ്ബുക്കുമായും കാംബ്രിജ് അനലിറ്റിക്കയുമായി സഖ്യമുണ്ടാക്കിയതിന് കയ്യോടെ പിടികൂടിയ നിങ്ങള്‍ക്ക് ഞങ്ങളെ ചോദ്യം ചെയ്യാന്‍ എന്തവകാശമാണുള്ളതെന്നും രവി ശങ്കര്‍ പ്രസാദ് രാഹുലിന്റെ ട്വീറ്റിന് മറുപടി നല്‍കി.

Latest News