ന്യൂദല്‍ഹി-ഏഷ്യാ പോസ്റ്റ് സര്‍വേയില്‍ രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം ഇടം നേടി. കേരളത്തില്‍ നിന്ന് ഈ പട്ടികയില്‍ ഇടം നേടുന്ന ഏക എം.എല്‍.എ കൂടിയാണ് ബല്‍റാം. ബാസിഗര്‍ എന്ന വിഭാഗത്തിലാണ് ബല്‍റാം തെരഞ്ഞെടുക്കപ്പെട്ടത്. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ മികച്ച 50 എം.എല്‍.എമാരെ തെരഞ്ഞെടുത്തത്. പ്രവര്‍ത്തന ശൈലി, ജനപ്രീതി, പ്രതിബദ്ധത, സാമൂഹ്യ ഇടപെടല്‍, എം.എല്‍.എ ഫണ്ടിന്റെ ഉപയോഗം, ജനങ്ങളുടെ ഇടയിലുള്ള സ്വാധീനം, പ്രതിച്ഛായ, തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എം.എല്‍.എ മാരെ തെരഞ്ഞെടുത്തത്.രാജ്യത്തെ 3958 എംഎല്‍എമാരില്‍ നിന്ന് 50 വിഭാഗങ്ങളിലായാണ് എം.എല്‍.എമാരെ തെരഞ്ഞെടുത്തത്. 150 എം.എല്‍.എ മാരാണ് അവസാന റൗണ്ടില്‍ ഇടം നേടിയത്.