ഗാസിയാബാദ്- രണ്ടു ദിവസം മുമ്പ് ദല്‍ഹി സെക്രട്ടേറിയറ്റിനു സമീപത്തു നിന്ന് മോഷണം പോയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നീല വാഗണ്‍ ആര്‍ കാര്‍ ദല്‍ഹിയുടെ സമീപ നഗരമായ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. ഉത്തര്‍ പ്രദേശ് പോലീസ് കാര്‍ തിരിച്ചറിഞ്ഞ ഉടന്‍ തങ്ങളെ വിവരമറിയിക്കുകയായിരുന്നെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. അതേസമയം മോഷണം നടത്തിയവരെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് കാര്‍ കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു വരികയാണ് പോലീസ്. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണ്.
അതിനിടെ, തന്റെ കാര്‍ മോഷണം പോയ സംഭവം ദല്‍ഹിയില്‍ ക്രമസമാധാന നിലയുടെ പരിതാപരാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിന് കത്തെഴുതി. 'എന്റെ കാര്‍ മോഷ്ടിക്കപ്പെട്ടുവെന്നത് ചെറിയൊരു സംഭവമാണ്. എന്നാല്‍ ഇത് ദല്‍ഹി സെക്രട്ടേറിയെറ്റിനു സമീപത്തു നിന്ന് മോഷ്ടിക്കപ്പെട്ടുവെന്നത് ദല്‍ഹിയില്‍ വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന പാലനത്തെയാണ് സൂചിപ്പിക്കുന്നത്,' കത്തില്‍ കേജ്രിവാള്‍ ചൂണ്ടിക്കാട്ടി.
കാര്‍ കണ്ടെത്തുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ഹരിയാന എഎപി നേതാവ് നവീന്‍ ജയ്ഹിന്ദ് ഒരു തുക സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. ആ വാഗണ്‍ ആര്‍ കാര്‍ തിരിച്ചു നല്‍കുന്നവര്‍ക്ക് അത് വിറ്റാല്‍ ലഭിക്കുന്നതിനേക്കാള്‍ നല്ലൊരു തുക നല്‍കുമെന്നായിരുന്നു വാഗ്ദാനം. എഎപി നേതാക്കളാണ് ഈ കാര്‍ ഉപയോഗിച്ചു വന്നിരുന്നത്.